ADVERTISEMENT

പോത്തൻകോട് ∙ ജോലിക്കുവേണ്ടി നൽകിയ ലക്ഷങ്ങൾ തിരികെ കിട്ടാതായതോടെ കടുത്ത സാമ്പത്തിക ബാധ്യതയിൽപെട്ട യുവാവ്  സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ചു ജീവനൊടുക്കി. പോത്തൻകോട് മംഗലത്തുനട ശാസ്താംകോണം രഞ്ജിത്ത് ഭവനിൽ രാമചന്ദ്രൻനായരുടെയും രമാദേവിയുടെയും മകൻ രജിത്ത് ( 37 ) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് വീട്ടിൽ മുറിക്കുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ടു ദിവസം മുൻപ് രജിത്തിന്റെ ഭാര്യ രേവതി മകനോടൊപ്പം സ്വന്തം വീട്ടിൽ പോയിരുന്നു. രാമചന്ദ്രൻനായർ കൂലിപ്പണിക്കും  രമാദേവി തൊഴിലുറപ്പു ജോലിക്കും പോയിരുന്നു. രമാദേവി ഉച്ചയ്ക്കു മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പോത്തൻകോട് പൊലീസ് നടപടികൾ സ്വീകരിച്ചു. 

‘ഭാര്യയ്ക്കും തനിക്കും ജോലിക്കു വേണ്ടി ഒരു സഹകരണ സംഘത്തിൽ നാലു വർഷം മുൻപ് 7-8 ലക്ഷം  നൽകിയെന്നും  ഇതു തന്റെ ജീവിതം നശിപ്പിച്ചെന്നും’ കത്തിൽ പറയുന്നു. പ്രസിഡന്റ് എസ്.സജിത് കുമാറിന്റെ പേരിനൊപ്പം ഫോൺ നമ്പറുമുണ്ട്. ആറ്റിങ്ങൽ കേന്ദ്രമായുള്ള കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റിനാണു പണം നൽകിയതായി പറയുന്നത്. സൊസൈറ്റിയുടെ  കീഴിൽ ചിറയിൻകീഴ് ചെക്കവിളാകത്തുള്ള സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി രജിത്തിനും ആറ്റിങ്ങലെ ഓഫിസിൽ ക്ലാർക്കായി രേവതിക്കും ജോലി നൽകിയെങ്കിലും ശമ്പളം ഒരു രൂപ പോലും നൽകിയില്ല.

കൊടുത്ത ലക്ഷങ്ങൾ മടക്കി നൽകിയുമില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മകൻ ആറു വയസ്സുള്ള ഋഷികേശ്. ഇന്ന് ഉച്ചയ്ക്കു ശേഷം വീട്ടു വളപ്പിൽ സംസ്കാരം നടക്കും. ഈ സഹകരണ സംഘത്തിന്റെ സാമ്പത്തിക തട്ടിപ്പു ‘മലയാള മനോരമ’യാണു പുറത്തു കൊണ്ടു വന്നത്. പ്രസിഡന്റ് റിമാൻഡിലാവുകയും ചെയ്തിരുന്നു.  രജിത്തിന്റെ വീടിനു സമീപത്തായി ഏഴോളം പേർ ജോലിതട്ടിപ്പിന് ഇരയായിട്ടുണ്ടന്നു നാട്ടുകാരും പറയുന്നു. ക്രൈംബ്രാഞ്ചിനാണ് കേസ് അന്വേഷണം.  വ്യാപകമായ സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണം എങ്ങുമെത്തുന്നില്ലെന്നു തട്ടിപ്പിനിരകളായവ‍ർ പരാതിപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com