ADVERTISEMENT

തിരുവനന്തപുരം ∙ ‘നിന്നെ തൊട്ടാൽ നീ എന്തു ചെയ്യുമെടീ?’ എന്നു ചോദിച്ചു തല പിടിച്ചു മതിലിൽ ആഞ്ഞിടിച്ച നിമിഷത്തിലും കയ്യിൽ കിട്ടിയ കരിങ്കല്ലു കൊണ്ടു തിരിച്ചിടിക്കാൻ തോന്നിയ ധൈര്യം. പാറ്റൂരിൽ അർധരാത്രി തനിക്കു നേരെയുണ്ടായ ക്രൂരമായ അതിക്രമത്തിൽ പരുക്കേറ്റ സ്ത്രീ ആ നിമിഷത്തെ അതിജീവിച്ചതു മനസ്സാന്നിധ്യം കൊണ്ടു മാത്രമായിരുന്നു.

നിമിഷങ്ങൾക്കകം പൊലീസിനോടു സഹായം അഭ്യർഥിച്ചെങ്കിലും അതു കിട്ടിയില്ല. ശരീരത്തിനേറ്റ പരുക്കു ഭേദമായിത്തുടങ്ങിയെങ്കിലും മനസ്സിനേറ്റ മുറിവുണങ്ങാത്തതു പൊലീസിന്റെ നിസ്സഹകരണം കൊണ്ടു കൂടിയാണ്.  ദിവസങ്ങൾക്കു ശേഷവും അവരുടെ മുഖത്തു പലയിടത്തായി ആക്രമണത്തിലേറ്റ പരുക്കിന്റെ പാടുകൾ വ്യക്തമായി കിടപ്പുണ്ട്. 

‘‘രാത്രി തലവേദന കാരണം മരുന്നു വാങ്ങാൻ ഇറങ്ങിയതാണു ഞാൻ. കുറച്ചു ദൂരം ചെന്നിട്ടാണു പണമെടുത്തില്ലെന്നു മനസ്സിലായത്. തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടയിൽ ആരോ പിന്തുടരുന്നതു പോലെ തോന്നി. സ്കൂട്ടർ വേഗത്തിലാക്കിയെങ്കിലും പിന്നാലെ സ്കൂട്ടറിലെത്തിയ ആൾ വീടിനു കുറച്ചപ്പുറത്തു വച്ച് എന്നെ തടഞ്ഞു നിർത്തി. 40 വയസിനു താഴെ പ്രായമുള്ള, ക്ലീൻ ഷേവ് ചെയ്ത, വലിയ വണ്ണമില്ലാത്ത ആളാണ്.

ശരീരത്തിൽ കടന്നു പിടിക്കാൻ ശ്രമിച്ചു.  തട്ടിമാറ്റുന്നതിനിടയിൽ ‘നിന്നെ പിടിച്ചാൽ നീ എന്തു ചെയ്യുമെടീ?’ എന്നു ചോദിച്ചു മുടിയിൽ കുത്തിപ്പിടിച്ചു. ഇതിനിടയിൽ വാഹനത്തിൽ നിന്നു ഞാൻ താഴെ വീണു. മുടിക്കു പിടിച്ച് ഇയാൾ റോഡരികിലെ കരിങ്കൽ മതിലിൽ മുഖം പിടിച്ചു ഉരച്ചു. പല തവണ ശക്തിയായി മതിലിൽ ഇടിച്ചു.മുഖത്തിന്റെ ഇടതു ഭാഗത്തു മുഴുവൻ പരുക്കേറ്റു. വേദനയിൽ നിലവിളിച്ചപ്പോൾ റോഡിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. പരുക്കേറ്റ ഞാൻ വാഹനം എടുത്ത് വീട്ടിലേക്കു വന്നു.

എന്റെ അവസ്ഥ കണ്ടു മകൾ ഗൂഗിളിൽ നിന്നു നമ്പർ എടുത്തു പേട്ട പൊലീസിനെ വിളിച്ചു. ഫോൺ എടുത്ത ആൾ മേൽവിലാസം ചോദിച്ചു വച്ചു. അതീവ ഗുരുതരമായി പരുക്കേറ്റതിനാൽ ഉടൻ മകളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 12 മണിയോടെ പൊലീസ് തിരികെ വിളിച്ച് പരാതിയുമായി സ്റ്റേഷനിലെത്താൻ പറഞ്ഞു. മറ്റാരും ഇല്ലെന്നും നേരിട്ടെത്താൻ കഴിയില്ലെന്നും പറഞ്ഞെങ്കിലും പിന്നീട് അവർ അന്വേഷണം നടത്തിയില്ല. 

നടപടിയുണ്ടാകാത്തതിനാൽ 16 നു കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതിനു ശേഷമാണു പേട്ട പൊലീസ് എത്തി മൊഴി എടുത്തത്. ഇതു വരെ എഫ്ഐആറിന്റെ കോപ്പി നൽകിയിട്ടില്ല. തുടരന്വേഷണ വിവരങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല’’– പരുക്കേറ്റ സ്ത്രീ പറഞ്ഞു.അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.  പ്രതിയുടെ വ്യക്തതയില്ലാത്ത ചിത്രം ലഭിച്ചെന്നു പേട്ട പൊലീസ് പറയുന്നു. ആക്രമിച്ചയാൾ ലഹരി മരുന്നിന് അടിമയാണോയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുൻപു സമാനമായ കേസുകളിൽ അറസ്റ്റിലായവരുടെ വിവരം ശേഖരിക്കുന്നുണ്ട്.

സംഭവത്തിൽ കമ്മിഷണറുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ രണ്ടു പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിവരം അറിഞ്ഞ ഇവർ സംഭവം എസ്ഐയെയും സിഐയെയും അറിയിച്ചില്ല, പരാതിക്കാരിയെ കണ്ടു മൊഴിയെടുക്കുന്നതടക്കമുള്ള തുടർ നടപടികളും എടുത്തില്ല തുടങ്ങിയ വീഴ്ചകൾ വരുത്തിയതിനാണു സീനിയർ സിവിൽ പൊലീസ്  ഓഫിസർ  ജയരാജ്,  സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തത്.

ഒരു മാസം: മാറിയത്  4 ഓഫിസർമാർ

തിരുവനന്തപുരം ∙ ഒരു മാസത്തിനിടയിൽ പേട്ട പൊലീസ് സ്റ്റേഷനിൽ മാറ്റിയത് നാലു സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ (എസ്എച്ച്ഒ). എസ്എച്ച്ഒ ആയിരുന്ന റിയാസ് രാജയെ ഗുണ്ടാ മാഫിയ ബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. പേട്ട എസ്എച്ച്ഒ ആകുന്നവർ താൽപര്യമില്ലെന്ന് അറിയിച്ച് സ്ഥലം മാറ്റം വാങ്ങി പോകുകയാണ് പതിവ്. റിയാസ് രാജയ്ക്ക് പിന്നാലെ സീനിയർ സിഐമാരിൽ ഒരാളായ സുരേഷ് ബാബുവിനെ നിയമിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ ഇദ്ദേഹം ചുമതലയേറ്റില്ല. പിന്നീട് സൈബർ കുറ്റാന്വേഷണ വിദഗ്ധനായ സിഐ പ്രകാശിന് താൽക്കാലിക ചുമതല നൽകി. പിന്നീട്, പാലോട് സ്റ്റേഷനിലെ ഷാജിമോനെ സിഐയായി നിയമിച്ചു.  ഇതിനു ശേഷം ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് കൺട്രാൾ റൂം സിഐയായിരുന്ന ബി.സാബുവിനെ പേട്ട സിഐയായി നിയമിച്ചത്.

തുടർച്ചയായി എസ്എച്ച്ഒമാരെ മാറ്റുന്നത് അന്വേഷണങ്ങളെയും ബാധിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് നടന്ന പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ ഒന്നാം പ്രതി ഓം പ്രകാശിനെ ഇതു വരെ പിടികൂടാൻ പേട്ട പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ മറ്റു പ്രതികളെ പിടികൂടിയെങ്കിലും ഓം പ്രകാശ് ഇപ്പോഴും ഇരുട്ടിലാണ്.  ഇയാൾക്കായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിട്ടും പൊലീസിന് ഓംപ്രകാശിനെ കിട്ടിയില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറയുന്നു. 

പൊലീസിനെ ന്യായീകരിച്ച് വനിതാ കമ്മിഷൻ

വഞ്ചിയൂരിൽ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയതു കൊണ്ടാണ് അന്വേഷണത്തിൽ കാലതാമസമുണ്ടായതെന്നും അതിക്രമത്തിന് ഇരയായ ആളിന്റെ മകൾ ആദ്യം സ്റ്റേഷനിൽ വിളിക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ ആദ്യ പ്രതികരണം. അതിക്രമത്തിന്  ഇരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതിദേവി പറഞ്ഞു. 

പാറ്റൂർ സംഭവം: പൊലീസിന്റെ വീഴ്ച

പാറ്റൂർ മൂലവിളാകത്തു സ്ത്രീ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പേട്ട പൊലീസിനു സംഭവിച്ചത് ഗുരുതര വീഴ്ച. സ്ത്രീ സുരക്ഷയ്ക്കായി 24 മണിക്കൂറും പിങ്ക് പട്രോളിങ് സേവനമുണ്ട്. എന്നാൽ, നടുറോഡിൽ ആക്രമണത്തിനിരയായ സ്ത്രീക്കു പൊലീസിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. സംഭവത്തിനു തൊട്ടുപിന്നാലെ, പരുക്കേറ്റ സ്ത്രീയുടെ മകൾ പേട്ട പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു സഹായം അഭ്യർഥിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ അമ്മയെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടുമോ എന്നും ചോദിച്ചു.

രണ്ടു തവണ വിളിച്ച് വിലാസം ചോദിച്ചതല്ലാതെ കൃത്യമായ മറുപടിയൊന്നും ലഭിക്കാത്തതിനാൽ മകൾ അമ്മയെ സ്‌കൂട്ടറിൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീടു തിരികെ വിളിച്ച പൊലീസിനോട് ആശുപത്രിയിലാണെന്നു പറഞ്ഞപ്പോൾ സ്‌റ്റേഷനിൽ വന്ന് ഒരു പരാതി എഴുതി നൽകാനായിരുന്നു നിർദേശം. അമ്മയും താനും മാത്രമേയുള്ളൂവെന്നും ഇപ്പോൾ വന്നു പരാതി നൽകാനാവില്ലെന്നും മകൾ അറിയിച്ചു. 

സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തെത്തുടർന്നു കേസെടുത്ത ശേഷം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമി വന്ന വാഹനത്തിന്റെ നമ്പർ കണ്ടെത്താനായിട്ടില്ല. എന്നാൽ തല പിടിച്ചു ചുവരിലിടിക്കുന്നതടക്കമുള്ള ആക്രമണങ്ങളുണ്ടായിട്ടും കൊലപാതക ശ്രമത്തിനു കേസെടുത്തില്ല. തൊട്ടടുത്ത ഒരു സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനുണ്ടായിട്ടു പുറത്തിറങ്ങി നോക്കുക പോലുമുണ്ടായില്ലെന്നും ആരോപണമുണ്ട്. താൻ സംഭവം കണ്ടതായും നിലവിളി കേട്ടതായുമെല്ലാം ഇയാൾ പൊലീസിനോടു പറഞ്ഞെങ്കിലും എന്താണെന്നു ചോദിക്കാൻ പോലും പോയില്ലെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com