
തിരുവനന്തപുരം ∙ കേരള സർവകലാശാല ജീവനക്കാരിക്കു പ്രസവാവധി നിഷേധിച്ചതിൽ ജീവനക്കാർ പ്രക്ഷോഭത്തിൽ. അവധിക്ക് അപേക്ഷിച്ച ഓഫിസ് അസിസ്റ്റന്റ് ബന്ധപ്പെട്ട ഡപ്യൂട്ടി റജിസ്ട്രാറെ നേരിട്ടു കണ്ടില്ലെന്ന കാരണത്താലാണു നിരസിക്കപ്പെട്ടതെന്നാണ് ആക്ഷേപം. ആറിന് അവധി അപേക്ഷ നൽകിയ ജീവനക്കാരി പത്താം തീയതി കുഞ്ഞിനു ജന്മം നൽകിയിരുന്നു. സർവകലാശാലയുടേതു കടുത്ത സ്ത്രീ വിരുദ്ധ നടപടിയാണെന്നും മനുഷ്യാവകാശലംഘനമാണെന്നും ആക്ഷേപമുണ്ട്.
നടപടിക്കെതിരെ കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ പ്രതിഷേധപ്രകടനം നടത്തി. യൂണിയൻ പ്രസിഡന്റ് ഒ.ടി. പ്രകാശ്, ജനറൽ സെക്രട്ടറി എസ്.ഗിരീഷ്, ഡോ.ടി. വിജയലക്ഷ്മി, ഡോ.എസ്.എസ്.പ്രേമ, സോമോൾ ജെ.പണിക്കർ, ജി.എസ്.ശരണ്യ, എസ്.വീണ തുടങ്ങിയവർ പ്രസംഗിച്ചു.