തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം വയർ തുന്നി ചേർക്കാതെ വീട്ടമ്മയെ ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ തെറ്റു ചെയ്യാത്ത ഡോക്ടറെ അകാരണമായി ശിക്ഷിക്കരുതെന്നു ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ.മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നിലവിലുള്ള ആരോഗ്യ സ്ഥിതിയെപ്പറ്റിയും മുറിവിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ആരോഗ്യ വകുപ്പു നേരിട്ട് അന്വേഷണം നടത്തണം. ആരോഗ്യ വിദഗ്ധരുടെ മാനസികനില തകർക്കാൻ വേണ്ടി നടത്തുന്ന ആരോപണങ്ങളെ സമൂഹം തള്ളിക്കളയണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഫെബ്രുവരിയിലാണു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ നീക്ക ശസ്ത്രക്രിയ ചെയ്തത്. ആറു മാസത്തിനു ശേഷം ഈ രോഗി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തി. ഇതിനിടയിൽ അണുബാധയുടെ ഭാഗമായി 7 ശസ്ത്രക്രിയകൾ ചെയ്തിരുന്നു.ഈ ശസ്ത്രക്രിയകൾ അണുബാധ പൂർണമായി നീക്കം ചെയ്യുന്നതിൽ വിജയിച്ചിരുന്നില്ല. സങ്കീർണമായ അവസ്ഥയിലാണു രോഗി മെഡിക്കൽ കോളജിൽ എത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധ ഉണ്ടായതുകൊണ്ടു മുറിവു താൽക്കാലികമായി തുറന്നിട്ട് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും തുന്നലിട്ടു ശരിയാക്കാൻ ശ്രമിച്ചു. ഒന്നര മാസങ്ങൾക്കുശേഷം ഗുരുതരമായ അണുബാധയുമായി രോഗി തിരികെ വന്നു.
അതിനു ശേഷമാണു വിവിധ ചർച്ചകൾക്കു ശേഷം രോഗിയുടെ മുറിവു പൂർണമായി തുറന്നിടാനും അതു പതുക്കെ ഉണങ്ങി വരുന്ന രീതിയിലുള്ള ചികിത്സാരീതികൾ സ്വീകരിക്കാനും ഡോക്ടർമാർ തീരുമാനിച്ചതെന്നു സംഘടന വ്യക്തമാക്കി. തുടർച്ചയായ അണുബാധ കാരണം പലതവണ മുറിവു തുറന്നിടുകയും 12 ദിവസം മുറിവു വച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം വീട്ടിലേക്കു പോകാനും വീടിനടുത്തുള്ള ആശുപത്രിയിൽ മുറിവു പരിചരിക്കാനും നിർദേശിച്ചു. ഓരോ ആഴ്ച കൂടുമ്പോഴും ആശുപത്രിയിൽ വന്നു മുറിവു പരിശോധിക്കാനും തുന്നലിടാൻ സമയമാകുമ്പോൾ ഇടാമെന്നും രോഗിയെ അറിയിച്ചെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.