തിരുവനന്തപുരം∙ വിജിലൻസ് കേസിൽ കുടുങ്ങിയ വിജിലൻസ് ഡിവൈഎസ്പി പി.വേലായുധൻ നായരും അടുത്തിടെ കൈക്കൂലി കേസിൽ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുൻ സെക്രട്ടറി എസ്.നാരായണനുമായി സാമ്പത്തിക ഇടപാട് ഉൾപ്പെടെ നടത്തിയതിന്റെ തെളിവുകൾ വിജിലൻസിനു ലഭിച്ചു.
എസ്.നാരായണൻ അവിഹിത സ്വത്തു സമ്പാദിച്ചെന്ന കേസ് എഴുതിത്തള്ളാൻ വേലായുധൻ നായർ 50,000 രൂപ കൈപ്പറ്റിയതിന്റെ രേഖകളും ഇരുവരുടെയും വാട്സാപ് ചാറ്റിന്റെ വിശദാംശവും വിജിലൻസ് ശേഖരിച്ചു. മാത്രമല്ല, തിരുവനന്തപുരത്തും ആലപ്പുഴയിലുമായി നാരായണൻ ഒട്ടേറെ വസ്തുക്കൾ വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി വി.അജയകുമാറാണു വേലായുധൻ നായർക്കെതിരായ കേസ് അന്വേഷിക്കുന്നത്.
നാരായണനെയും തിരുവല്ല മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ 2 ആഴ്ച മുൻപു വിജിലൻസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിനിടെയാണു വേലായുധൻ നായരും നാരായണനും മുൻപു നടത്തിയ സാമ്പത്തിക ഇടപാടുകൾ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരൻ കണ്ടെത്തിയത്.
2021–22 കാലയളവിൽ നാരായണൻ ചെങ്ങന്നൂർ മുനിസിപ്പൽ സെക്രട്ടറിയായിരിക്കെ ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ബ്രാഞ്ചിൽ നിന്നു കഴക്കൂട്ടം ബ്രാഞ്ചിലേക്കു 2021 സെപ്റ്റംബർ 30നു വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ അക്കൗണ്ടിലേക്കു 50,000 രൂപ മാറ്റിയതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്പെഷൽ സെൽ ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരായിരുന്നു.
ഇതിനു പിന്നാലെ നാരായണനെതിരായ കേസ് ‘മിസ്റ്റേക്ക് ഓഫ് ഫാക്ട്’ ആണെന്നും തുടർനടപടി ആവശ്യമില്ലെന്നും കാണിച്ചു വിജിലൻസ് കോടതിയിൽ നാരായണനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകി. റിപ്പോർട്ട് വിജിലൻസ് എസ്പി റെജി ജേക്കബ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു കൈമാറിയതിനു പിന്നാലെയാണു വേലായുധൻ നായർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ഡയറക്ടർ നിർദേശിച്ചത്. കൈക്കൂലി കേസിൽ പിടിയിലായതിനു പിന്നാലെ നാരായണന്റെ തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും വീടുകളിൽ വിജിലൻസ് പരിശോധന നടത്തി വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനത്തിന്റെ രേഖകൾ പിടിച്ചെടുത്തു.