പതിനേഴുകാരന്റെ മരണകാരണം തലച്ചോറിലെ രക്തസ്രാവം; സൂചന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ

Mail This Article
കഴക്കൂട്ടം (തിരുവനന്തപുരം)∙ പെരുമാതുറയിൽ പതിനേഴുകാരന്റെ ദുരൂഹ മരണത്തിനു കാരണം തലച്ചോറിലെ രക്തസ്രാവമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. അമിതമായ അളവിൽ രാസ ലഹരിമരുന്ന്് ഉള്ളിൽ ചെന്നതാകാം കാരണമെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാലേ മരണ കാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ലെന്നു സൂചന. പതിനേഴുകാരനെ കൂട്ടിക്കൊണ്ടു പോയത് ആരെന്നും എവിടെ വച്ചാണ് ലഹരി മരുന്ന് ഉപയോഗിച്ചതെന്നും കണ്ടെത്താൻ കഠിനംകുളം പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഒരു സുഹൃത്തിനോടൊപ്പം പുറത്തു പോയ പതിനേഴുകാരനെ സന്ധ്യയോടെ കൊട്ടാരം തുരുത്തിലുള്ള ഒരു കൂട്ടുകാരൻ വീടിനു മുന്നിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. അവശനിലയിലായ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെന്നും 21ന് പുലർച്ചെയോടെ സ്ഥിതി ഗുരുതരമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും മാതാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ലഹരി ഉപയോഗം കാരണമാകാമെന്ന് വിദഗ്ധർ
തിരുവനന്തപുരം ∙ തലച്ചോറിലെ ഞരമ്പ് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് പെരുമാതുറയിലെ പതിനേഴുകാരന്റെ മരണത്തിനു കാരണമായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമിതമായ ലഹരി ഉപയോഗമാണ് മരണ കാരണമെന്ന് പതിനേഴുകാരന്റെ മാതാവ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഈ രണ്ടു കാരണങ്ങളും തമ്മിൽ ബന്ധമുണ്ടോ? മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം പ്രഫസർ ഡോ.അരുൺ ബി.നായർ പറയുന്നു:
‘ലഹരി വസ്തുക്കളുടെ ഉപയോഗം രണ്ടു തരത്തിൽ പെട്ടെന്നുള്ള മരണത്തിലേക്കു നേരിട്ടു നയിക്കാം. ചില ലഹരി വസ്തുക്കൾ അമിതമായ അളവിൽ ഒറ്റ ഡോസ് ആയി ഉപയോഗിക്കുന്നതും തുടർച്ചയായി ഇവ ഉപയോഗിക്കുന്നതുമാണ് അപകടമാകുന്നത്.എംഡിഎംഎ ഉൾപ്പെടെ ആംഫിറ്റമിൻ വിഭാഗത്തിലുള്ള സിന്തറ്റിക്, രാസ ലഹരി വസ്തുക്കൾ മസ്തിഷ്കത്തിൽ ഉത്തേജനം ഉണ്ടാക്കുന്ന വിഭാഗത്തിലുള്ളവയാണ്.
ഇവ ഒരേസമയം തലച്ചോറിൽ പെട്ടെന്നു രക്തസമ്മർദം കൂട്ടുകയും രക്തക്കുഴലുകൾ ചുരുക്കുകയും ചെയ്യും. അതിനാൽ രക്തം കട്ടപിടിച്ച് മസ്തിഷ്കാഘാതമോ ഞരമ്പുകൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമോ (സെറിബ്രൽ ഹെമറേജ്) ഉണ്ടാക്കാം. മസ്തിഷ്കാഘാതം വന്നാൽ ശരീരം തളർന്നു കിടപ്പിലാകും. സെറിബ്രൽ ഹെമറേജ് ആണ് പെട്ടെന്നുള്ള മരണത്തിലേക്കു നയിക്കുന്നത്. ഇതായിരിക്കണം പെരുമാതുറയിലെ പതിനേഴുകാരനു സംഭവിച്ചത്.
ആംഫിറ്റമിൻ വിഭാഗത്തിലെ ലഹരി മരുന്ന് ഉപയോഗിച്ചാൽ ഓർമ ശക്തി കൂടും, ഊർജം വർധിക്കും എന്നിങ്ങനെ തെറ്റിദ്ധാരണകൾ നൽകിയാണ് വിദ്യാർഥികളെ ലഹരി സംഘങ്ങൾ ഇവയിലേക്ക് ആകർഷിക്കുന്നത്. പക്ഷേ, അതു മരണത്തിനു വേഗം കൂട്ടും എന്ന കാര്യം അവർ അറിയുന്നില്ല’.