തിരുവനന്തപുരം∙ തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആളിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി കരിക്കകം മാവറത്തല സ്വദേശി പ്രകാശ് (49) ആണ് പിടിയിലായത്. പിഎംജിയിലെ ഒരു വനിതാ ഹോസ്റ്റലിന് മുന്നിലായിരുന്നു നഗ്നതാ പ്രദർശനം. പ്രകാശിനെതിരെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ സമാനമായ കേസുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം രണ്ടു പേരാണ് നഗ്നതാ പ്രദർശനം നടത്തിയതിനും ശുചിമുറി ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനുമായി പിടിയിലായത്.
വഴുതക്കാട് കോട്ടൺഹിൽ പരിസരത്തെ വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ വട്ടിയൂർക്കാവ് സ്വദേശി മുത്തുരാജ്, ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ ശുചിമുറിയിൽ ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാർത്താണ്ഡം സ്വദേശി മേഴ്സിൻ ജോസ് എന്നിവരാണ് പിടിയിലായത്. നഗരത്തിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തുന്നതായി പൊലീസ് അറിയിച്ചു.