ADVERTISEMENT

കോവളം ∙ ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള മതിപ്പും സ്നേഹവും കഴിഞ്ഞ ദിവസത്തെ ഭീകര സംഭവത്തോടെ തകർന്നുവെന്ന് കാൽവിൻ സ്കോൾട്ടൺ(27). ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ലെന്നും കോവളം വിടാനൊരുങ്ങുന്ന ഈ നെതർലൻഡ്സ് സ്വദേശി. കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് സവാരിയെ ചൊല്ലി സ്വകാര്യ വാഹനത്തിന്റെയും ടാക്സിയുടെയും ഡ്രൈവർമാർ തമ്മിൽ നടന്ന സംഘർഷം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവിൻ ക്രൂരമർദനത്തിനിരയായത്.

കാറിൽ നിന്നു വലിച്ചിറക്കിയ തന്നെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ തലങ്ങും വിലങ്ങുമായി മർദിക്കുകയായിരുന്നുവെന്ന് കാൽവിൻ വേദനയോടെ പറഞ്ഞു. ദേഹമാസകലം വേദനയാണ്. അങ്ങിങ്ങു മുറിവുകളുമുണ്ട്. അനാരോഗ്യമുള്ള പിതാവിന് മർദനമേൽക്കാത്തതിൽ ആശ്വസിക്കുകയാണ് കാൽവിൻ. ഇതാദ്യമായി ഒരു വർഷത്തെ ടൂറിസം വീസയിൽ എത്തിയ തനിക്ക് മുംബൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളെക്കാൾ ഏറെ ഇഷ്ടം കേരളവും കോവളവുമായിരുന്നു.

നല്ല ആൾക്കാർ,സമാധാന അന്തരീക്ഷം, ശുദ്ധവായു, നല്ല ഭക്ഷണം അങ്ങനെ കോവളം ഏറെ ഹൃദ്യമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ പരിചയപ്പെട്ട ബീച്ചിലെ പഴക്കച്ചവടം നടത്തുന്ന വനിതയെ തന്റെ മാതാവിന്റെ സ്ഥാനത്താണ് കണ്ടിരുന്നത്. ഇത്തരത്തിൽ ഇവിടുത്തെ ഓരോരുത്തരെയും ഇഷ്ടപ്പെട്ടു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ഈ നാടിനോടുള്ള മമത തീർത്തും ഇല്ലാതായി എന്നു കാൽവിൻ വേദനയോടെ പറഞ്ഞു.

നാട്ടിലെ കാളപ്പോരിനെക്കാളും ഇവിടെ നാട്ടുകാർ വിറളിപൂണ്ട് നിൽക്കുന്ന കാഴ്ച തന്നിൽ ഉണ്ടാക്കിയ ഞെട്ടൽ മാറുന്നില്ലെന്നും കാൽവിൻ. ആയുർവേദ ചികിത്സയ്ക്കായി എത്തിയ ഇരുവരും ഈ സംഭവത്തോടെ ആകെ ഭയപ്പാടിലാണ്. ഇനിയും അക്രമമുണ്ടാകുമോ എന്ന ഭീതിയിൽ തങ്ങുന്ന ഹോട്ടൽ മുറിയിൽ നിന്നു സ്കോൾട്ടൺ തീരെ പുറത്തേക്കിറങ്ങുന്നില്ല.

തന്റെ കൺമുന്നിൽ മകനെ മാരകമായി മർദിക്കുന്ന കാഴ്ചയുടെ ഞെട്ടലിലാണ് സ്കോൾട്ടൺ. കാൽവിൻ മലയാളി സുഹൃത്തുക്കളുടെ  ധൈര്യത്തിലാണ് പുറത്തിറങ്ങുന്നത്. അപരിചിതരെ കാണുമ്പോൾ കാൽവിൻ ഭയക്കുകയാണെന്ന്  സുഹൃത്തുക്കൾ പറയുന്നു. ഇത്രയും മോശപ്പെട്ടവർ ഇനി എന്തും ചെയ്യുമെന്ന ഭയം ഉള്ളിലുണ്ട്. സംഭവമറിഞ്ഞു ഭയന്ന കാൽവിന്റെ മുത്തശ്ശി ക്ലാരയാകട്ടെ ഇരുവരോടെ എത്രയും വേഗം നാട്ടിലേക്ക് എത്താനാണ് ആവശ്യപ്പെടുന്നത്.

ഇനി ഇന്ത്യയിലേക്കില്ലന്നും ഇനിയും ഇതു പോലെ സംഭവിക്കില്ലെന്ന് എന്താണുറപ്പെന്നും ഇയാൾ ചോദിക്കുന്നു.പിടി കൂടിയതിനു പിന്നാലെ ഇവിടെ പ്രതിക്ക് ജാമ്യം നൽകിയെന്നതും കാൽവിനെ ഭയപ്പെടുത്തുന്നു. തന്റെ നാട്ടിലാണെങ്കിൽ കടുത്ത ശിക്ഷ നൽകുമായിരുന്നുവെന്നും കാൽവിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com