ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡിൽ തകർന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്കു പുതു ജീവൻ നൽകാനുള്ള  ശ്രമം തടയുന്നതാണ്  വിദേശ വിനോദ സഞ്ചാരികളോടടക്കമുള്ള അപമര്യാദയായ പെരുമാറ്റം. കോവളത്ത് നെതർലൻഡ്സ് സ്വദേശിയായ സഞ്ചാരിയെ ടാക്സി ഡ്രൈവർ ക്രൂരമായി മർദിച്ചതാണ് ഒടുവിലെ സംഭവം. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരള പെരുമയ്ക്ക് മേൽ രാജ്യാന്തര തലത്തിൽ തന്നെ കളങ്കം വീഴ്ത്തുന്നതായി ഈ സംഭവവും.

ഏറെ വിനോദ സഞ്ചാരികൾ എത്തുന്ന തലസ്ഥാനത്ത്  വിദേശ സഞ്ചാരികൾക്കു നേരെയുള്ള അതിക്രമങ്ങളും അപമര്യാദയായ പെരുമാറ്റവും ഒറ്റപ്പെട്ട സംഭവമല്ല. കൃത്യമായ ഷെഡ്യൂളിൽ നാടു കാണാനെത്തുന്ന സഞ്ചാരികളിൽ പലരും പ്രശ്നങ്ങൾ നേരിട്ടാലും നിയമ നടപടികളുടെ നൂലാമാലകൾ ഓർത്ത് പരാതി നൽകാൻ മടിക്കുകയാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. പരാതിയും കേസുമാകുന്ന സംഭവങ്ങൾ മാത്രമാണ് പുറത്തറിയുന്നത്. 

വർക്കലയിലും പരാതി

കോവളത്ത് നെതർലൻഡ്സ് സ്വദേശി ആക്രമിക്കപ്പെട്ട വെള്ളിയാഴ്ച തന്നെ വർക്കല പൊലീസ് സ്റ്റേഷനിലും ഇറ്റലിക്കാരായ 2 വിനോദ സഞ്ചാരി വനിതകൾ പരാതിയുമായി എത്തിയിരുന്നു. വർക്കല തിരുവമ്പാടി റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാർ തങ്ങളെ തട്ടിയ ശേഷം നിർത്താതെ പോയെന്നായിരുന്നു പരാതി. ഇവരിൽ ഒരാളുടെ കൈയ്ക്ക് കാർ തട്ടി ചെറിയ പരുക്കും സംഭവിച്ചിരുന്നു. എന്നാൽ അവരും രേഖാമൂലം പരാതി നൽകാൻ തയാറായിരുന്നില്ല.

കാർ തട്ടിയത് അബദ്ധത്തിലായിരിക്കുമെങ്കിലും  നിർത്താൻ തയാറാകാതെ പോയ ഡ്രൈവറെ കണ്ടെത്തി താക്കീത് ചെയ്യണമെന്ന ആവശ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. രേഖാമൂലം പരാതി ഇല്ലാത്തതിനാൽ  കേസും അനുബന്ധ അന്വേഷണവും ഇല്ലാതെ അതവിടെ അവസാനിച്ചു. സഞ്ചാരികൾ നേരിടുന്ന പല പ്രശ്നങ്ങളും ഇത്തരത്തിൽ ഒതുങ്ങിപ്പോവുകയാണ്. 

സമാന സംഭവം മുൻപും

തലസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന കോവളം, വിഴിഞ്ഞം മേഖലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിദേശ സഞ്ചാരികളോടു അപമര്യാദയായി പെരുമാറിയതായി പുറത്തറിയുന്ന നാലാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസത്തേത്. ഇപ്പോഴത്തേതിനു സമാനമായ സംഭവം രണ്ടു മാസം മുൻപും ഉണ്ടായി. ജർമൻ സഞ്ചാരിയും നഗരവാസിയായ സുഹൃത്തും സ്വന്തം വാഹനത്തിൽ കോവളത്ത് എത്തി മടങ്ങാനൊരുങ്ങുമ്പോൾ ബീച്ചിലെ ഒരു സംഘം ടാക്സി ഡ്രൈവർമാർ പ്രതിഷേധവുമായി എത്തി.

സ്വകാര്യ വാഹനത്തിൽ വിദേശ സഞ്ചാരികളെ കൊണ്ടു പോകാൻ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു പ്രകോപനം. വാഹനം തടഞ്ഞ് ഡിക്കിയിൽ കയറിയിരുന്നായിരുന്നു അധിക്ഷേപം. നഗരവാസിയായ സുഹൃത്ത് ഇതു സംബന്ധിച്ച് ഉന്നത പൊലീസ് അധികൃതരോട് പരാതിപ്പെടുകയും വിഷയം സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. കോവളം പൊലീസ് പ്രതികളെ നിയമ നടപടികളൊന്നുമുണ്ടായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com