ADVERTISEMENT

തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ അര കിലോമീറ്ററോളം നീളം വരുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്ന ട്രാക്കിൽ ഇനി ഒരു മാസത്തേക്ക് അറ്റകുറ്റപ്പണി. ദിവസവും 4 ട്രെയിനുകൾ ഈ പ്ലാറ്റ്ഫോമിൽ എത്തുന്നത് ഒഴിവാക്കിയാവും ജോലി നടത്തുക. രാവിലെ എത്തിച്ചേരുന്ന മാവേലി എക്സ്പ്രസ്, ചെന്നൈ– തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ട്രെയിനുകളും വൈകിട്ടു ഇതേ ട്രെയിനുകളുടെ മടക്കവും ഇനി കൊച്ചുവേളി സ്റ്റേഷനിൽ നിന്നാകും. ഈ ട്രെയിനുകൾ കൊച്ചുവേളിയിൽ എത്തുന്ന സമയത്ത് യാത്രക്കാരുടെ സൗകര്യാർഥം സർവീസുകൾ നടത്താൻ കെഎസ്ആർടിസിയോട് റെയിൽവേ അഭ്യർഥിച്ചിട്ടുണ്ട്. 

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിലെ തേയ്മാനം വന്ന പാളങ്ങൾ മാറ്റി സ്ഥാപിക്കുക, കോൺക്രീറ്റ് സ്ലീപ്പറുകളിൽ കേടായവ മാറ്റുക. താഴത്തെ കോൺക്രീറ്റ് അടിത്തറ ബലപ്പെടുത്തുക തുടങ്ങിയവയാണ് ജോലി. ഇതു ഘട്ടം ഘട്ടമായാണു നിർവഹിക്കുക. അതിനായാണ് ഒരു മാസത്തെ സമയം വേണ്ടി വരുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ജനശതാബ്ദി പോലുള്ള ട്രെയിനുകളെ പണി ബാധിക്കില്ലെന്നാണു നിഗമനം.

ആറ് പ്ലാറ്റ്ഫോമുകൾ ഉള്ള സെൻട്രൽ സ്റ്റേഷനിൽ അഞ്ചെണ്ണം ട്രെയിനുകൾ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്നവയാണ്. കഴുകി വൃത്തിയാക്കുന്നതിനും മറ്റും ഉള്ള സൗകര്യം കണക്കിലെടുത്താണ് സെൻട്രൽ സ്റ്റേഷൻ യാർഡിലെ പാളങ്ങൾക്ക് കോൺക്രീറ്റ് സ്ലീപ്പറുകളും കോൺക്രീറ്റ് അടിത്തറയും നിർമിച്ചിരിക്കുന്നത്. രണ്ടു വർഷം കൂടുമ്പോഴെങ്കിലും ഇത്തരം അറ്റകുറ്റപ്പണികൾ യാർഡിൽ ആവശ്യമാണ്.

മാവേലി ഉൾപ്പെടെ ട്രെയിനുകൾ ഒരു മാസം കൊച്ചുവേളിയിൽനിന്ന്

സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദിവസേനയുള്ള നാലു ദീർഘദൂര ട്രെയിനുകൾ ഒരു മാസത്തേക്ക് കൊച്ചുവേളി സ്റ്റേഷനിൽ നിന്നു പുറപ്പെടുകയോ യാത്ര അവസാനിപ്പിക്കുകയോ ചെയ്യും. 27 മുതൽ മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസ് (നമ്പർ 16603) പിറ്റേന്ന് പുലർച്ചെ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ (16604) മാവേലി എക്സ്പ്രസ് 28 മുതൽ രാത്രി 7.30ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടും. 27 മുതൽ എംജിആർ ചെന്നൈ സെൻട്രലിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് (12695) രാവിലെ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – എംജിആർ ചെന്നൈ സെൻട്രൽ (12696) സൂപ്പർ ഫാസ്റ്റ് 28 മുതൽ വൈകിട്ട് 5.20ന് കൊച്ചുവേളിയിൽ നിന്നാകും യാത്ര ആരംഭിക്കുകയെന്നും റെയിൽവേ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com