പൊതുജനാരോഗ്യ ബില്ലിൽ അട്ടിമറി: എതിർത്ത് ആയുഷ് ഡോക്ടർമാർ

HIGHLIGHTS
  • ഒപ്പിടരുതെന്നു ഗവർണറോട് ആവശ്യപ്പെടും, ഹൈക്കോടതിയെ സമീപിക്കും
stethoscope
SHARE

തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് ചികിത്സാ രീതികളെ അട്ടിമറിക്കുന്ന തരത്തിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിനെതിരെ ഡോക്ടർമാർ രംഗത്ത്. ബില്ലിൽ ഒപ്പിടരുതെന്നു ഗവർണറോട് ആവശ്യപ്പെടാനും ഹൈക്കോടതിയെ സമീപിക്കാനും ആലോചന ആരംഭിച്ചു. പകർച്ച വ്യാധികൾ ബാധിക്കുന്നവർക്കു രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം മോഡേ‍ൺ മെഡിസിൻ (അലോപ്പതി) ഡോക്ടർമാർക്കു നൽകുമെന്നാണു ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ വ്യവസ്ഥ ചെയ്തിരുന്നത്.

ബില്ലിന്റെ സിലക്ട് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ വിയോജിപ്പും ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ പ്രതിഷേധവും കാരണം ആരോഗ്യവകുപ്പിനു പിൻവാങ്ങേണ്ടിവന്നു. ഒടുവിൽ റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്കെല്ലാം രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. 

ആയുഷ് വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അലോപ്പതി ഡോക്ടർമാരുടെ അനുബന്ധ സംഘടനകളും ഭേദഗതിയെ എതിർത്തില്ല. പിന്നീടാണ്, രോഗമുക്തി സർട്ടിഫിക്കറ്റിനപ്പുറം അലോപ്പതിക്കാർക്കു സർവത്ര മേൽക്കൈ ലഭിക്കുന്നതാണു ബില്ലിലെ വ്യവസ്ഥകളെന്ന് ആയുഷ് ഡോക്ടർമാർ തിരിച്ചറിയുന്നത്.

നിയമം നടപ്പാക്കാനുള്ള ചുമതല സംസ്ഥാന, ജില്ല, തദ്ദേശ അടിസ്ഥാനത്തിൽ നിയമിക്കുന്ന പബ്ലിക് ഹെൽത്ത് ഓഫിസർമാർക്കാണ്. അലോപ്പതി ഡോക്ടർമാർ മാത്രമായിരിക്കും പിഎച്ച്ഒമാർ. സർക്കാർ വിജ്ഞാപനം ചെയ്യുന്ന പകർച്ച വ്യാധികൾ ഏതു സിസ്റ്റത്തിലെ ഡോക്ടർക്കും ചികിത്സിക്കാം. ഭേദമായാൽ ആ ഡോക്ടർക്കു തന്നെ രോഗമുക്തി സർട്ടിഫിക്കറ്റും നൽകാം. എന്നാൽ രോഗിയെ ഏതു സിസ്റ്റത്തിൽ ചികിത്സിക്കണം, ഏത് ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും പിഎച്ച്ഒമാരാണു തീരുമാനിക്കുന്നത്.

ആയുർവേദം, ഹോമിയോ സ്ഥാപനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരെ അലോപ്പതി ആശുപത്രിയിലേക്കു മാറ്റാൻ ബിൽ പരോക്ഷമായി അവസരം നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS