വർക്കല∙ കേരളത്തിലുടനീളം മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലാൽ എന്നറിയപ്പെടുന്ന ആറ്റിങ്ങൽ വേളാർകുടി ശാസ്താംവിള വീട്ടിൽ സതീഷ് കുമാറിനെ (42) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി നിലവിൽ 17 മോഷണക്കേസുകൾ ഉണ്ട്. 19ന് ഉച്ചയ്ക്കു വർക്കല പാലച്ചിറയിലെ കൺവൻഷൻ സെന്ററിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 1,25000 രൂപ വ്യാജ താക്കോൽ ഉപയോഗിച്ച് തുറന്ന് മോഷ്ടിച്ചെടുത്തതാണ് അവസാന സംഭവം.
ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടറിൽ നിന്നാണ് പണം കവർന്നത്. സംഭവ ദിവസത്തെ ദൃശ്യം പരിശോധിച്ചതിൽ 4 ബൈക്കുകൾ ഇയാൾ കുത്തിത്തുറന്നതായി കണ്ടെത്തി. വിവിധ സ്ഥലങ്ങളിലെ ഇരുനൂറോളം ക്യാമറദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബൈക്ക് എറണാകുളത്തു നിന്നു മോഷ്ടിച്ചു വ്യാജ നമ്പർ പതിച്ചതായി കണ്ടെത്തി.
ഡിവൈഎസ്പി സി.ജെ.മാർട്ടിന്റെ നിർദേശാനുസരണം വർക്കല എസ്എച്ച്ഒ എസ്.സനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്.അഭിഷേക്, ഗ്രേഡ് എസ്ഐമാരായ എ.സലിം, എ.ഫ്രാക്ളിൻ, സീനിയർ സിപിഒമാരായ ബ്രിജിലാൽ, കെ.സുധീർ, സിപിഒ മാരായ പ്രശാന്ത കുമാരൻ, നിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.