മുത്തശ്ശിക്ക് കൂട്ടിരുന്ന യുവാവിനെ മർദിച്ച സംഭവത്തിലും പ്രതികൾക്ക് ക്ലീൻ ചിറ്റ്; മെഡി. കോളജിൽ ‘വെള്ളപൂശൽ ചികിത്സ’

HIGHLIGHTS
  • സംഭവം മൊബൈൽ ഫോണിൽ പകർത്തിയവർക്ക് കുറ്റപ്പെടുത്തൽ
Trivandrum-Medical-College
SHARE

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുത്തശ്ശിക്കു കൂട്ടിരിക്കാൻ വന്ന യുവാവിനെ രോഗികളുടെ മുന്നിലിട്ട് സുരക്ഷാജീവനക്കാർ ക്രൂരമായി മർദിച്ച സംഭവത്തിലും കുറ്റക്കാരെ സംരക്ഷിച്ച് സുരക്ഷാ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട്. 2021 നവംബറിൽ കൂട്ടിരിപ്പുകാരനായ ചിറയിൻകീഴ് കിഴിവിലം സ്വദേശി അരുൺദേവിനെ മർ‍ദിച്ച സംഭവത്തിലാണ് കുറ്റക്കാരെ വെള്ളപൂശി സുരക്ഷാ ഓഫിസർ നാസറുദീൻ റിപ്പോർട്ട് നൽകിയത്. അരുൺദേവിനെ ജീവനക്കാർ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം ഉണ്ടായിട്ടും പ്രതികൾ നിരപരാധികളെന്നാണ് നാസറുദീന്റെ കണ്ടെത്തൽ.

റിപ്പോർട്ടിൽ, മർദിച്ചവരെ ന്യായീകരിക്കുകയും സംഭവം മൊബൈൽ ഫോണിൽ പകർത്തിയവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. പൊലീസ് ക്രിമിനൽ കേസ് ചുമത്തി അറസ്റ്റ് ചെയ്തതിനെ തുടർന്നു ജോലിയിൽ നിന്നു പുറത്താക്കിയ ജീവനക്കാരെ ഈ റിപ്പോർട്ടിന്റെ ബലത്തിലാണ് പിന്നീട് തിരിച്ചെടുത്തത്. ഫെബ്രുവരിയിൽ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ യുവാവിനെ മർദിച്ച സംഭവത്തിൽ മർദനമേറ്റയാളെ കുറ്റവാളി ആക്കി കൊണ്ടുള്ള റിപ്പോർട്ട് വിവാദമായിരുന്നു.

പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുകൂടി അകത്തേക്ക് പ്രവേശിക്കാൻ എത്തിയ അരുൺദേവിനെ സുരക്ഷാജീവനക്കാർ (പ്രഫഷനൽ ഹോസ്പിറ്റാലിറ്റി സർവീസസ് ഏജൻസി നിയോഗിച്ചവർ) തടയുകയും ചോദ്യം ചെയ്തപ്പോൾ കയ്യിലുണ്ടായിരുന്ന പ്രവേശന പാസ് പിടിച്ചു വാങ്ങി കീറി എറിയുകയും വളഞ്ഞിട്ട് മർദിക്കുകയും ചെയ്തു. ആളുകൾ മൊബൈൽഫോണിൽ ദൃശ്യം പകർത്തിയതോടെ അടി നിർത്തി ഗേറ്റ് പൂട്ടി. പിന്നീട് അരുൺദേവിനെ പിടിച്ചുവിച്ച് ജീവനക്കാരുടെ മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. 

എന്നാൽ ഇതിനെ പിടിവലി, ബലപ്രയോഗം എന്നു പറഞ്ഞാണ് സുരക്ഷാ ഓഫിസർ നിസാരവൽക്കരിച്ചത്. ഗേറ്റ് പൂട്ടി അരുൺ ദേവിനെ അകത്തേക്ക് കൊണ്ടുപോയത് സംഘർഷം ഒഴിവാക്കാൻ വേണ്ടി ആയിരുന്നുവെന്നും അകത്ത് കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് തെളിവായി ദൃശ്യങ്ങൾ ഇല്ലെന്നുമാണ് നാസറുദീന്റെ ന്യായീകരണം. മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയ കൂട്ടിരിപ്പുകാരെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത് ഇങ്ങനെ: അരുൺദേവും ജീവനക്കാരും തമ്മിൽ പിടിവലി നടക്കുമ്പോൾ പത്തോളം അവിടെ ഉണ്ടായിരുന്നു. പാസ് ഇല്ലാത്തതിനാൽ അകത്ത് കയറാൻ കഴിയാതെ നിന്ന ഇവരാണ് ബലപ്രയോഗത്തെ സംഘർഷഭരിതമാക്കിയത്. മൊബൈൽ ഫോണിൽ ദൃശ്യം പകർത്തി കൂടുതൽ ആളുകളെ കൂട്ടി വലിയ പ്രശ്നം ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA