തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ഇരുമ്പു വടം പൊട്ടി ഹൈമാസ്റ്റ് ലൈറ്റിന്റെ പാനൽ പതിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ കരാർ കമ്പനിയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണവുമായി മരിച്ചയാളുടെ ബന്ധുക്കൾ. അപകടമുണ്ടായ ഹൈമാസ്റ്റ് ലൈറ്റിന്റെ പാനൽ ദ്രവിച്ചിരുന്നതായും ഇക്കാര്യം ഒരു മാസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കരാർ തൊഴിലാളികളിൽ ചിലർ ഇക്കാര്യം സ്ഥലത്തെത്തിയ വലിയതുറ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. അതേസമയം, വിമാനത്താവളത്തിലെ എൻജിനീയറിങ് ജോലികളുടെ കരാർ ചുമതലയുള്ള യുഡിഎസ് കമ്പനി അധികൃതർ ആരോപണങ്ങളോടു പ്രതികരിച്ചിട്ടില്ല.

വേളി ഈന്തിവിളാകത്ത് ‘ദിവ്യോദയ’ത്തിൽ കെ.വി.അനിൽകുമാറാണ് ഇന്നലെ പാനൽ പതിച്ച് മരിച്ചത്. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി, ഇലക്ട്രിക്കൽ, സിവിൽ, ഫയർ തുടങ്ങിയവ ഉൾപ്പെടെയുള്ള എൻജിനീയറിങ് ജോലികളുടെ ചുമതലയാണ് യുഡിഎസിന്. രാജ്യാന്തര–ആഭ്യന്തര വിമാനത്താവളങ്ങളിലായി 288 കരാർ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. റൺവേയിലെ വെളിച്ചത്തിന്റെ തീവ്രത പരിശോധിച്ച് ഉറപ്പാക്കുന്നതിനായി മാസത്തിലൊരിക്കലാണ് ഹൈമാസ്റ്റ് വിളക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്തുക.
ഓരോ ഹൈമാസ്റ്റ് ലൈറ്റിന്റെയും ചുവട്ടിൽ നിന്ന്, മോട്ടർ ഉപയോഗിച്ച് നിയന്ത്രിച്ചാണ് ലൈറ്റിന്റെ പാനൽ അഴിച്ചു മാറ്റി താഴെയിറക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ ജീവനക്കാർക്ക് നിൽക്കാൻ പ്രത്യേക ഇടവും സജ്ജമാക്കിയിട്ടുണ്ട്. കഷ്ടിച്ച് 4–5 പേർക്കു മാത്രമാണ് ഇവിടെ നിൽക്കാൻ കഴിയുക. അപകടമുണ്ടായ വേളയിൽ അനിൽകുമാറും മറ്റു 3 കരാർ തൊഴിലാളികളും ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലായിരുന്നു.
20 മീറ്റർ ഉയരത്തിൽ നിന്നു പതിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പാനലിനടിയിൽപെട്ടാണ് അനിൽകുമാർ തൽക്ഷണം മരിച്ചത്. ഒപ്പമുണ്ടായിരുന്നവരുടെ ശരീരത്തിലും പാനൽ പതിച്ചു. ഇവരിൽ 2 പേർ പുറത്തേക്കു ചാടി. പാനൽ പതിച്ച് അനിൽകുമാറിന്റെ തലയുടെ ഒരു ഭാഗം തകർന്നു. ഇലക്ട്രിക് ജോലികളിൽ വിദഗ്ധനായിരുന്നു അനിലെന്ന് സഹപ്രവർത്തകർ പറഞ്ഞു.
അപകടത്തിൽപെട്ട മറ്റു തൊഴിലാളികളെ 3 മിനിറ്റിനുള്ളിലാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വിമാനത്താവളത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ യുഡിഎസിനാണ് നൽകിയിരിക്കുന്നതെന്ന് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് അറിയിച്ചു.
കണ്ണീരുണങ്ങാതെ..
ഒന്നുറക്കെ കരയാനാകാതെ തളർന്നിരിക്കുകയാണ് നിഷയും മക്കളായ ദിവ്യയും ദയയും. വിമാനത്താവളത്തിനുള്ളിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ പാനൽ പതിച്ച് മരിച്ച അനിൽകുമാറിന്റെ വേർപാട് ഈ കുടുംബത്തിന് താങ്ങാനാകുന്നില്ല. ഏക അത്താണിയായ അനിലിനെ മരണം തട്ടിയെടുത്തതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം.
ഇംഗ്ലിഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡിൽ 15 വർഷത്തിലേറെ ഓപ്പറേറ്ററായിരുന്നു അനിൽ. അടുത്തിടെയാണ് യുഡിഎസിൽ ജോലിയിൽ പ്രവേശിച്ചത്. മൂത്ത മകൾ ദിവ്യയെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്നായിരുന്നു അനിലിന്റെ ആഗ്രഹം. പൊതുപ്രവർത്തനത്തിലും സജീവമായിരുന്ന അനിൽ 3 തവണ വെട്ടുകാട് വാർഡിൽ നിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ഒരു തവണ സ്വതന്ത്രനും 2 തവണ എൻഡിഎ സ്ഥാനാർഥിയുമായിട്ടാണു മത്സരിച്ചത്. എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയന്റെ തിരുവനന്തപുരം കൗൺസിലറുമാണ്. മാർത്താണ്ഡത്ത് നഴ്സിങ് കോളജിൽ പഠിക്കുന്ന മകൾ ദിവ്യ, അച്ഛന്റെ മരണ വിവരമറിഞ്ഞ് ഇന്നലെ വൈകിട്ടാണ് വീട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് സംസ്കാരം.