പാലോട്∙ഉത്സവ പറമ്പിൽ നാടൻപാട്ടിനിടെ ഡാൻസ് കളിച്ച പെരിങ്ങമ്മല ഇടവം സ്വദേശി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വിതുര ചേന്നംപാറ കെഎംസിഎം സ്കൂളിനു സമീപം സജികുമാർ(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് അടുത്തിടെ വന്ന പ്രതി സംഭവത്തിനു ശേഷം നെയ്യാർഡാമിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുകയും മംഗലപുരം വഴി നാളെ വിദേശത്തേക്കു കടക്കാൻ തയാറെടുക്കവെയുമാണ് പിടിയിലായത്.
ഇതുമായി ബന്ധപ്പെട്ട കേസിൽ വിതുര ചാരുപാറ ഗൗരി സദനത്തിൽ രഞ്ജിത്ത്(35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു(39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ(42) എന്നീ മൂന്ന് പേരെ കഴിഞ്ഞ ദിവസം പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാളെ കൂടി കിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഇടവം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് സംഭവം.
അഖിൽ ഡാൻസ് കളിച്ചതും നാടൻപാട്ട് വിഡിയോയിൽ പകർത്തിയതും പ്രതികൾ വിലക്കിയിട്ടും തുടർന്നതിനാൽ അഖിലിനെ കൊണ്ടുപോയി സമീപത്തെ റബർ തോട്ടത്തിൽ വച്ചു കത്തി ഉപയോഗിച്ചു പലതവണ കുത്തി പരുക്കേൽപ്പിച്ചുവെന്നതാണ് കേസ്. ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, പാലോട് എസ്എച്ച്ഒ പി. ഷാജിമോൻ, ഇൻസ്പെക്ടർ നിസാറുദ്ദീൻ, അൽഅമാൻ, വിനീത്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.