തിരുവനന്തപുരം ∙ ചരക്കു ഗതാഗത മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികളും വാഹന ഉടമകളും സംസ്ഥാന വ്യാപകമായി പണിമുടക്കി. സമരത്തിൽ നിർമാണ മേഖലയടക്കം ഏകദേശം പൂർണമായി സ്തംഭിച്ചു. എഫ്സിഐ ഗോഡൗണുകളിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കവും ഭാഗികമായി നിലച്ചു.
പണിമുടക്കിയ തൊഴിലാളികളും വാഹന ഉടമകളും ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ച് നടത്തി.തിരുവനന്തപുരത്തു കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് മൈക്കിൾ ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു.
കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പി.എസ്. ജയചന്ദ്രൻ, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ലക്ഷമയ്യ, മോട്ടർ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, കോ ഓർഡിനേഷൻ നേതാക്കളായ എൻ. സുന്ദരം പിള്ള, വി. ശാന്തകുമാർ, വി.എസ്.ശ്രീകാന്ത്, പുത്തൻപള്ളി നിസാർ, മണ്ണാമ്മൂല രാജീവ്, മലയിൻകീഴ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അജി ആറ്റുകാൽ തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര ഗതാഗത നിയമത്തിന്റെ പേരിൽ റവന്യു, പൊലീസ്, ആർടിഒ, ലീഗൽ മെട്രോളജി വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ ലോറി തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്നു കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഇന്ധന, സ്‌പെയർപാർട്‌സ് വിലവർധന, ഇൻഷുറൻസ് പ്രീമിയം വർധന എന്നിവ മൂലം തകർന്ന വ്യവസായത്തെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.