തിരുവനന്തപുരം∙ കുറഞ്ഞ ചെലവിൽ കൂടുതൽ വിളവ് ലഭിക്കുന്ന ‘കെട്ടിനാട്ടി’ നെൽക്കൃഷി രീതിയിലൂടെ ശ്രദ്ധേയനായ ‘കർഷക ശാസ്ത്രജ്ഞൻ’ വയനാട് അമ്പലവയൽ സ്വദേശി അജി തോമസിന് രാഷ്ട്രപതി ഭവനിലേക്ക് പ്രത്യേക ക്ഷണം. ഫെസ്റ്റിവൽ ഓഫ് ഇന്നവേഷൻസ് ആൻഡ് ഒൻട്രപ്രനർഷിപ് മേളയിൽ അജി തോമസിന്റെ കണ്ടുപിടിത്തം അവതരിപ്പിക്കുന്നതിനാണ് രാഷ്ട്രപതി ഭവനിൽ നിന്ന് ക്ഷണമെത്തിയത്.
ഡൽഹിയിൽ അടുത്ത മാസം 10 മുതൽ 13 വരെയാണ് മേള. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന അജി തോമസിന്റെ യാത്രാ ചെലവുകൾ ഉൾപ്പടെയുള്ളവ കൃഷിവകുപ്പ് വഹിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി.
വയനാട്ടിലെ നെൻമേനിയിൽ നിന്നു കൊടിനാട്ടി കൃഷി രീതി കേരളത്തിൽ പലയിടത്തും കർഷകർ പരീക്ഷിച്ച് വിജയം കണ്ടെത്തുന്നുണ്ട്. മുളപ്പിച്ച നെൽച്ചെടികൾക്ക് നഴ്സറിയിൽ ആവശ്യമായ മുഴുവൻ മൂലകങ്ങളെയും ജൈവ രീതിയിൽ നൽകി പരിചരിച്ച് വയലിലേക്ക് നിക്ഷേപിക്കാൻ പരുവത്തിലേക്ക് മാറ്റുന്നതിനുള്ള സാങ്കേതികത്വമാണ് കെട്ടിനാട്ടിയിലേത്. പഞ്ച ഗവ്യത്തിൽ സമ്പുഷ്ടീകരിച്ച ജൈവ വളക്കൂട്ടിൽ ഉണർത്തിയ നെൽവിത്തിനെ കളിക്കൂട്ടുമായി ചേർത്ത് ചുറ്റുണ്ടയാക്കി പാടത്ത് വിതറുകയോ നാട്ടുകയോ ചെയ്യുന്നതാണ് ഇതിന്റെ രീതി. നെന്മേനി ചുറ്റുണ്ട ഞാറ്റടി എന്ന പേരിൽ ഇത് പ്രചരിച്ചു വരുന്നു. ഈ രീതി വികസിപ്പിച്ചതും രൂപം നൽകിയതുതും അജി തോമസാണ്. കേരളത്തിൽ നിന്നു ക്ഷണം ലഭിച്ച 5 കർഷകരിൽ നെൽക്കൃഷിയിലെ കണ്ടുപിടിത്തത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത് അജി തോമസിന് മാത്രമാണ്.
ഒരേക്കറിന് പരമാവധി വിത്തളവ് 5 കിലോ മാത്രമാണ്. ഓരോ ചുവട് നെല്ലും സൂക്ഷ്മാണുക്കളുടെ കോളനി ആയി പ്രവർത്തിക്കുന്നതിനാൽ മണ്ണ് സമ്പുഷ്ടീകരിക്കപ്പെടുന്നു. രാസവളങ്ങളെ ഒഴിവാക്കാം. രീതിയിൽ നെല്ലിന് നല്ല വിളവ് ലഭിക്കുന്നു എന്ന് മാത്രമല്ല കാലാവസ്ഥാ വ്യത്യാസങ്ങളെയും വരൾച്ചയെയും പ്രതിരോധിക്കുന്നതിനോടൊപ്പം ചെലവ് 80% വരെ കുറയ്ക്കുന്നതിനും ഈ രീതികൊണ്ട് സാധിക്കുന്നുവെന്നും അജി തോമസ് പറയുന്നു.