ADVERTISEMENT

തിരുവനന്തപുരം∙  കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ച 170 കോടി രൂപ ഉടൻ നൽകാനാവശ്യപ്പെട്ട് കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ സർക്കാരിന് നോട്ടിസയച്ചു. കാലാവധി പൂർത്തിയായി നിക്ഷേപത്തുക പിൻവലിക്കാൻ കഴിഞ്ഞമാസം കൊൽക്കത്തയിലെ ആശ്രമം അധികാരികൾ സമീപിച്ചപ്പോഴാണ് കടത്തിലാണെന്നും തരാൻ പണമില്ലെന്നും കെടിഡിഎഫ്സി അറിയിച്ചത്.

നിക്ഷേപത്തുക കിട്ടാൻ പല ശ്രമവും നടത്തിയ ശ്രീരാമകൃഷ്ണ മിഷൻ അധികൃതർ ഒടുവിൽ അഭിഭാഷക സംഘവുമായി തിരുവനന്തപുരത്തെത്തി. കെടിഡിഎഫ്സിയിലെ നിക്ഷേപത്തിന് സംസ്ഥാന സർക്കാരാണ് ഗാരന്റി. അതുകൊണ്ടാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ധനകാര്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നോട്ടിസ് അയച്ചത്. സർക്കാരിന് നോട്ടിസ് ലഭിച്ച കാര്യം ചീഫ് സെക്രട്ടറി വി.പി.ജോയ് സ്ഥിരീകരിച്ചു. പണം നൽകുന്നതിന് നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 

സ്വകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപിച്ച തുക പോലും നൽകാനാവാത്ത പ്രതിസന്ധിയിലാണ്  സർക്കാരെന്നറിഞ്ഞാൽ റിസർവ് ബാങ്കിന്റെ ഉൾപ്പെടെ അതൃപ്തിക്കും കാരണമാകാം. കെടിഡിഎഫ്സിയിലെ 4000 കോടി വരെ നിക്ഷേപത്തിന് സർക്കാർ ഗാരന്റി നൽകുന്നുണ്ട്.  നിലവിൽ ആകെ 580 കോടിയുടെ നിക്ഷേപമാണുള്ളത്. കെടിഡിഎഫ്സിയെ കടത്തിൽ മുക്കിയത് കെഎസ്ആർടിസിയാണ്. 2018ൽ 350 കോടി രൂപ വായ്പയെടുത്ത ശേഷം പിന്നെ പണം തിരിച്ചടച്ചില്ല. പലിശയും പിഴപ്പലിശയുമായി 780 കോടി രൂപയായി. ഇൗ പണം തിരിച്ചടയ്ക്കാൻ കെഎസ്ആർടിസിക്കോ  സർക്കാരിനോ കഴിയുന്നില്ല. 

കെടിഡിഎഫ്സി 350 കോടി കടം വാങ്ങിയത് പാലക്കാട്, എറണാകുളം സഹകരണബാങ്കിൽ നിന്നാണ്. ഇത് പലിശയും പിഴപ്പലിശയുമായി  480 കോടിയായി. കിട്ടാക്കടപരിധി ഉയർന്ന തലത്തിലായതിനാൽ കെടിഡിഎഫ്സി ഇനി വായ്പ വാങ്ങുന്നതോ നൽകുന്നതോ റിസർവ് ബാങ്ക് തടഞ്ഞിരിക്കുകയാണ്. കേരള ബാങ്കും  റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ നേരിടുകയാണ്. 31നു മുൻപ്  പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് രണ്ട് സഹകരണ ബാങ്കുകളും ധനവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com