ADVERTISEMENT

അരുവിക്കര (തിരുവനന്തപുരം) ∙ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയും പെട്രോൾ ഒഴിച്ചു കത്തിച്ചും കെ‌ാലപ്പെടുത്തിയ ശേഷം  സ്വയം തീ കെ‌ാളുത്തിയ ഭർത്താവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ. അഴിക്കോട് വളവെട്ടി പുലിക്കുഴി അർഷാസിൽ സഹീറ (67), മകൾ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ് (47) എന്നിവരാണു കൊല്ലപ്പെട്ടത്. മുംതാസിന്റെ ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ സൂപ്രണ്ട് വൈ. അലി അക്ബർ (55)  ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. 

ഇന്നലെ പുലർച്ചെ നാലോടെയാണു നാടിനെ നടുക്കിയ സംഭവം. അലി അക്ബറിനു രണ്ടു കോടിയോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്നു വീട് വിൽക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും ഭാര്യ കൂട്ടാക്കാത്തതാണു പ്രകോപനമെന്നു പെ‌ാലീസ് പറഞ്ഞു. 

നോമ്പുകാലമായതിനാൽ  പുലർച്ചെ ആഹാരം ഉണ്ടാക്കാൻ അമ്മയും മകളും അടുക്കളയിൽ എത്തിയപ്പോഴായുരുന്നു വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന അലി അക്ബർ ഇരുവരെയും ആക്രമിച്ചത്. ചുറ്റിക കെ‌ാണ്ടു മുതാംസിനെ അടിച്ച ശേഷം കത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടിയും കുത്തിയും വീഴ്ത്തിയതിനു പിന്നാലെ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നെന്നു പെ‌ാലീസ് പറഞ്ഞു. ഇതിനു ശേഷം കസേരയിൽ ഇരുന്ന അലി അക്ബർ പെട്രോൾ ഒഴിച്ചു ദേഹത്തു സ്വയം തീ കെ‌ാളുത്തിയതായാണു പൊലീസ് നിഗമനം.

സംഭവം കണ്ട് അലി അക്ബറുടെ മകളുടെ നിലവിളി കേട്ടാണു സമീപവാസികൾ എത്തുന്നത്. പിന്നാലെ അരുവിക്കര പെ‌ാലീസ് എത്തുമ്പോഴേക്കും തീ അണഞ്ഞ നിലയിൽ ആയിരുന്നു. മുംതാസ്  അടുക്കളയിലും സഹീറ ഹാളിലും അലി അക്ബർ മുറിയിൽ കട്ടിലും കിടക്കുകയായിരുന്നു. ഉടൻ തന്നെ മൂന്ന് ആംബുലൻസുകളിൽ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സഹീറ ആക്രമണത്തിനു പിന്നാലെയും മുംതാസ് വൈകിട്ടും  മരിച്ചു.

സഹീറയുടെ മൃതദേഹം കബറടക്കി. മുംതാസിന്റെ കബറടക്കം ഇന്ന്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ, റൂറൽ എസ്പി ശിൽപ ദേവയ്യ, ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. അരുവിക്കര പെ‌ാലീസ് അലി അക്ബറെ പ്രതിയാക്കി കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com