ADVERTISEMENT

തിരുവനന്തപുരം ∙ ജലഅതോറിറ്റിയിൽ നിന്നുള്ള ജലവിതരണം മൂന്നു ദിവസമായി തടസ്സപ്പെട്ടതിനാൽ ഇന്നലെ ജനറൽ ആശുപത്രിയിൽ വൈകിയത് 25 ശസ്ത്രക്രിയകൾ. ശസ്ത്രക്രിയയ്ക്കായി രാവിലെ 7 മുതൽ രോഗികൾ എത്തിത്തുടങ്ങിയെങ്കിലും ഒരാളെ മാത്രമേ തിയറ്ററിൽ പ്രവേശിപ്പിച്ചുള്ളൂ. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മറ്റാരെയും തിയറ്ററിൽ കയറ്റിയില്ല. വിവരം അന്വേഷിച്ചപ്പോഴാണു വെള്ളം ഇല്ലെന്ന് നഴ്സുമാർ അറിയിച്ചത്. ശസ്ത്രക്രിയകൾ മാറ്റി വയ്ക്കേണ്ടി വരുമെന്നും ഡോക്ടർമാരും ജീവനക്കാരും വ്യക്തമാക്കി.

ഭക്ഷണം കഴിക്കാതെ എത്തിയ രോഗികൾ കാത്തിരുന്നു മണിക്കൂറുകൾ കഴിഞ്ഞതോടെ വലഞ്ഞു. ശസ്ത്രക്രിയ മാറ്റിവച്ചാൽ വീണ്ടും എത്താനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞു രോഗികൾ അവിടെ തുടർന്നു. സംഭവം മനോരമ ന്യൂസ് പുറത്തു വിട്ടതോടെയാണ് ഉന്നതതലത്തിൽ ഇടപെടൽ ഉണ്ടായത്. മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് ഇടപെട്ട് 10 ടാങ്ക് വെള്ളം എത്തിച്ചു. 

അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ ബുധനാഴ്ച 3 പ്രാവശ്യം വൈദ്യുതി ബന്ധം തടസ്സപ്പെട്ടതു കൊണ്ടാണു ജലവിതരണം മുടങ്ങിയതെന്നു ജലഅതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ജനറൽ ആശുപത്രി പരിസരത്തു പലപ്പോഴും ശുദ്ധജലം മുടങ്ങാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും സമീപത്തെ കട ഉടമകളും പറയുന്നു. വെള്ളമില്ലാത്തതു കാരണം ശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്ന് സൂപ്രണ്ട് ഡോ.പ്രിയ ജയിംസ് പറഞ്ഞു.  ജലക്ഷാമം പരിഹരിച്ചെന്നും സൂപ്രണ്ട് അറിയിച്ചു. 

അതേസമയം, ശസ്ത്രക്രിയകൾ വൈകിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദാംശങ്ങൾ അന്വേഷിച്ചു. വെള്ളം മുടങ്ങാനുള്ള കാരണം അറിയിക്കാനാണു നിർദേശം.

വെള്ളത്തിനു വേണ്ടി ഓടി മടുത്തു

വെങ്ങാനൂർ സ്വദേശി പ്രീതി പറയുന്നു....  

അമ്മ താമരാക്ഷിക്കു ബുധനാഴ്ച തിമിര ശസ്ത്രക്രിയ കഴിഞ്ഞു. വൈകിട്ടായപ്പോൾ പൈപ്പിൽ വെള്ളമില്ല. ശുചിമുറിയിൽ ഉപയോഗിക്കാൻ വെള്ളമില്ലാതെ വലഞ്ഞു. ശുചിമുറിയിൽ ഒരു തുള്ളി വെള്ളംപോലുമില്ലാതെ വലയുന്നവരായിരുന്നു അവർ.രാത്രിയായപ്പോൾ വെള്ളത്തിനായി ഞാനും മറ്റു ചിലരും കന്റീനിലേക്ക് പോയി. അവിടെ അടച്ചിരുന്നു. പുറത്തെ വാഷ്ബേസിനിൽ നിന്നാണു വെള്ളം എടുത്തത്. പുലർച്ചെ 4 മണിക്ക് ശുചിമുറിയിലെ പൈപ്പിൽ വെള്ളം വന്നു. പക്ഷേ, 6 മണിയായപ്പോൾ നിലച്ചു. പിന്നെയും പുറത്തിറങ്ങി വെള്ളം എടുക്കേണ്ടിവന്നു. കണ്ണു മൂടിക്കെട്ടിയ അമ്മയെ വാർഡിൽ തനിച്ചാക്കിയാണ് ഞാൻ വെള്ളത്തിനായി പലയിടത്തും പോയത്.

തിയറ്ററിൽ കിടത്തിയിട്ട് പറഞ്ഞു,വെള്ളമില്ല !

ശസ്ത്രക്രിയയ്ക്കു വിധേയമായ രോഗിപറഞ്ഞത്...

വാർഡിൽ നിന്നു ശസ്ത്രക്രിയയ്ക്കു വേണ്ടി ഇന്നലെ രാവിലെ 7.15ന് സർജറി ബ്ലോക്കിൽ എത്തി. അവിടെ വച്ചു ശസ്ത്രക്രിയ മുറിയിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ തന്നു. 7.45ന് തിയറ്ററിൽ കയറ്റി കിടത്തി. ആദ്യത്തെ രോഗി താനായിരുന്നു. എട്ടേകാൽ വരെ ശസ്ത്രക്രിയ ആരംഭിച്ചില്ല. എട്ടരയ്ക്ക് ഡോക്ടർ എത്തി വെള്ളം ഇല്ലെന്ന് അറിയിച്ചു. നഴ്സുമാർ പുറത്തിറങ്ങി അവിടെ ഇരുന്നവരോടു ശസ്ത്രക്രിയാ വസ്ത്രം ധരിക്കേണ്ടെന്നു പറഞ്ഞു. വെള്ളം ഇല്ലാത്തതുകൊണ്ടാണു ശസ്ത്രക്രിയ ആരംഭിക്കാത്തത്. രോഗികൾ ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ല.   വെള്ളം ഇല്ലാതെ തങ്ങൾ എന്തു ചെയ്യാനെന്നാണ് ഡോക്ടർമാർ പിന്നീട് പറഞ്ഞത്. ചോദിച്ചത്. 10 മണി കഴിഞ്ഞപ്പോൾ വെള്ളം എത്തിയെന്ന് നഴ്സ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com