തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിലെ ഏക എംആർഐ സ്കാനിങ് മെഷീൻ തകരാറിലായോടെ രോഗികൾ പ്രതിസന്ധിയിൽ. മെഷീന്റെ പ്രവർത്തനം നിലച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ നടപടി ഇല്ല. ഗുരുതര രോഗം ബാധിച്ചവരടക്കം ഏതാണ്ട്1200 പേരാണ് സ്കാനിങ്ങിനു തീയതി ലഭിച്ച് കാത്തിരിക്കുന്നത്. തകരാർ പരിഹരിക്കാതെ നിർധന രോഗികളെ സ്വകാര്യ സ്കാനിങ് സെന്ററുകളിലേക്ക് തള്ളി വിടുന്നു എന്നാണ് ആക്ഷേപം.
15 ലക്ഷം രൂപ മുടക്കിയാൽ മെഷീന്റെ തകരാർ പരിഹരിക്കാമെന്നാണ് റേഡിയോളജി വിഭാഗം പറയുന്നത്. ഇക്കാര്യം ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. പുതിയ മെഷീൻ സ്ഥാപിക്കുന്നതിനാൽ പഴയതു നന്നാക്കി പണം പാഴാക്കേണ്ടെന്നാണ് സൂപ്രണ്ടിന്റെ വാദം. എന്നാൽ പുതിയ മെഷീൻ എത്തിച്ച് അതിന്റെ പ്രവർത്തനം തുടങ്ങാൻ കുറഞ്ഞത് 8 മാസം എങ്കിലും വേണം. അതുവരെ പഴയ മെഷീൻ ഓടിക്കണമെന്നാണ് റേഡിയോളജി വിഭാഗത്തിന്റെ നിലപാട്.
പുതിയ എംആർഐ മെഷീന് ഒരു വർഷം മുൻപ് സർക്കാർ തുക അനുവദിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്. പദ്ധതി പ്ലാൻ കിഫ്ബി അംഗീകരിച്ച് ഇതുവരെ തുക കൈമാറിയിട്ടില്ല. മെഷീൻ ഏപ്രിൽ 30ന് എത്തുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതു സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാൻ കുറഞ്ഞത് 8 മാസം എങ്കിലും വേണ്ടി വരും. അതുവരെ, ചികിത്സാ പദ്ധതികളുടെ ആനുകൂല്യമുള്ള രോഗികൾക്ക് സർക്കാർ നിരക്കിൽ പരിശോധന ലഭ്യമാക്കാൻ സ്വകാര്യ സ്ഥാപനങ്ങളുമായി കരാർ ഉണ്ടാക്കാനും നീക്കമുണ്ട്.
കാത്ത് ഐസിയുവിലെ എസി തകരാർ പരിഹരിച്ചു
തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രി കാത്ത് ഐസിയുവിലെ എയർകണ്ടിഷനറുകളുടെ തകരാർ പരിഹരിച്ചു. തകരാറിലായ 4 എയർകണ്ടിഷനറുകളിൽ രണ്ടെണ്ണം നന്നാക്കുകയും ഒരണ്ണെം മാറ്റി സ്ഥാപിക്കുകയും ചെയ്തു.ഒരെണ്ണത്തിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. എസികൾ കേടായി ഒരാഴ്ച കഴിഞ്ഞിട്ടും നന്നാക്കിയില്ല. പകരം ഐസിയുവിൽ 2 ടേബിൾ ഫാൻ സ്ഥാപിച്ചു. ഇതു വാർത്ത ആയതിന് ഒടുവിലാണ് തകരാർ പരിഹരിക്കാൻ നടപടിയുണ്ടായത്.