നെടുമങ്ങാട്∙ കഴിഞ്ഞ ദിവസം ഭർത്താവ് കൊലപ്പെടുത്തിയ നെടുമങ്ങാട് ഗവ എച്ച്എസ്എസിലെ അധ്യാപിക മുംതാസിന്(47) വിദ്യാർഥിനികളുടെ കണ്ണീർ പ്രണാമം. മൃതദേഹം സ്കൂളിൽ പൊതു ദർശനത്തിന് ശേഷം വാളിക്കോട് ജുമാ മസ്ജിദിൽ കബറടക്കി. രക്ഷിതാക്കളും, മന്ത്രി ജി.ആർ.അനിലും മറ്റ് ജന പ്രതിനിധികളും അടക്കം ഏറെ പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
മുംതാസിനെയും, മാതാവ് താഹിറയെയും മുംതാസിന്റെ ഭർത്താവ് അലി അക്ബർ വ്യാഴാഴ്ച പുലർച്ചെ അഴിക്കോട്ടെ വീട്ടിൽ വെട്ടിയും പെട്രോൾ ഒഴിച്ച് കത്തിച്ചും കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബർ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പൊലീസ് നിരീക്ഷണത്തിൽ ചികിൽസയിലാണ്.താഹിറയുടെ കബറടക്കം വ്യാഴാഴ്ച നടന്നു.
കാരണങ്ങൾ നിരത്തി കത്ത്
നെടുമങ്ങാട്∙ അലി അക്ബറിന്റെ 15 പേജോളം വരുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിൽ സാമ്പത്തിക ഇടപാടുകളും കോടതിയിലെ കേസും വിശദീകരിച്ചിട്ടുണ്ട്. കടം വീട്ടാൻ മറ്റ് വഴികൾ ഇല്ലാതായതിനാൽ, ഭാര്യയെയും, ഭാര്യാമാതാവിനെയും ഇല്ലാതാക്കി ആത്മഹത്യ ചെയ്യുമെന്നും കത്തിൽ സൂചനയുണ്ട്. കാർ, വസ്തു എന്നിവ വാങ്ങിയതും, വീട് വച്ചതും മൂലമാണ് സാമ്പത്തിക ബാധ്യതയുണ്ടായതെന്ന് കത്തിൽ പറയുന്നു.തന്നോടു കടം വാങ്ങിയവരുടെയും പണം തിരിച്ചു കൊടുക്കാൻ ഉള്ളവരുടെയും പേരുകളും കുറിപ്പിലുണ്ട്. ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠന ചെലവുകളും ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.