വിവാഹം പിരിക്കാൻ കുതന്ത്രം, കൊലപാതകത്തിനു തിരക്കഥ: സൂര്യഗായത്രി കേസ് അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പ്രശംസ

suryagayathri-murder-case
കൊല്ലപ്പെട്ട സൂര്യഗായത്രി
SHARE

തിരുവനന്തപുരം ∙ സൂര്യഗായത്രി കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതിയുടെ പ്രശംസ.  അടുക്കും ചിട്ടയോടും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പ്രതിക്കെതിരായ തെളിവുകൾ  നഷ്ടമാകാതെ ശേഖരിച്ചു കോടതിയിൽ ഹാജരാക്കിയത് പ്രോസിക്യൂഷന് സഹായമായെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ മികവാണെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് ഹാജരാക്കിയ ഓരോ തെളിവും കൃത്യതയോടെ പ്രതിക്കെതിരായി കോടതിയെ ധരിപ്പിക്കുന്നതിൽ പ്രോസിക്യൂട്ടറും മികവ് കാണിച്ചതായി ഉത്തരവിൽ പറയുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Soorya-gayathri-arun-3003

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ.മോഹിത മോഹൻ, അഡ്വ.അഖില ലാൽ, അഡ്വ.ദേവിക മധു എന്നിവർ ഹാജരായി.സംഭവം നടക്കുമ്പോൾ വലിയമല സിഐയും നിലവിൽ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയുമായ ബി.എസ്.സജിമോൻ, സിവിൽ പൊലീസ്‌ ഓഫിസർമാരായ ആർ.വി.സനൽരാജ്, എസ്.ദീപ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

വിവാഹം പിരിക്കാൻ കുതന്ത്രം, കൊലപാതകത്തിനു തിരക്കഥ

തിരുവനന്തപുരം ∙  വിവാഹം അഭ്യർഥിച്ചു വീട്ടിലെത്തിയെങ്കിലും അരുണിന്റെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കി  കുടുംബം വിവാഹാലോചന നിരസിച്ചു. ഇതിനിടയി‍ൽ കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നു. സൂര്യയുടെ ഭർത്താവിനെ വിളിച്ച് കള്ളക്കഥകൾ പറഞ്ഞ് അവർ തമ്മിൽ വഴക്കുണ്ടാക്കുന്നതിൽ അരുൺ വിജയിച്ചു. ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ സൂര്യയെ സ്വന്തമാക്കാൻ അരുൺ വീണ്ടും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതാണ് കൊലപ‍ാതകത്തിലേക്കു നയിച്ചതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.സൂര്യഗായത്രിയുടെ വീട്ടിൽ ആരുമില്ലെന്നു കരുതി പിന്നിലെ വാതിലിലൂടെ അകത്തു കടന്ന അരുൺ,   കാലുകൾക്കു ചലന ശേഷിയില്ലാത്ത അമ്മ വത്സലയെ കണ്ട് അവരെ ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട് സൂര്യഗായത്രിയും അച്ഛൻ ശിവദാസനും ഓടിയെത്തിയതോടെ പ്രതി സൂര്യയ്ക്കു നേരെ തിരിഞ്ഞ്, തുരുതുരെ കുത്തുകയായിരുന്നു.

arun-soorya-gayathri-murder

33 കുത്തുകളാണ് സൂര്യഗായത്രിയുടെ തല മുതൽ കാൽ വരെയുണ്ടായിരുന്നത്. മകളെ രക്ഷിക്കാൻ മകളുടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ വത്സലയെയും പ്രതി കുത്തി. അമ്മയെ കുത്തുന്നത് കണ്ട് ‘അമ്മേ’ എന്നു വിളിച്ച സൂര്യഗായത്രിയെ നോക്കി ‘നീ ഇനിയും ചത്തില്ലേ’ എന്ന് പറഞ്ഞ് സൂര്യഗായത്രിയുടെ തല പിടിച്ച് തറയിൽ ഇടിച്ച് തലയോട്ടി പിളർത്തി. ശിവദാസനെയും ചവിട്ടി താഴെയിട്ടു മർദിച്ചു. ശിവദാസന്റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അരുൺ പുറത്തു കടന്ന് അടുത്ത വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവിടെ നിന്നാണു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്.

suryagayathri-mother
കൊല്ലപ്പെട്ട സൂര്യഗായത്രി, സൂര്യഗായത്രിയുടെ അമ്മ വിധി കേട്ടശേഷം പ്രതികരിക്കുന്നു (വിഡിയോ ദൃശ്യം)

വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബൈക്കിലെത്തിയ അരുൺ കൊലപാതകം ലക്ഷ്യമിട്ട് കത്തി കരുതിയിരുന്നു. കൊലപാതകത്തിനു മൂന്ന് വർഷം മുൻപാണ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയത്. കൊലപാതകത്തിനും ഒരു വർഷം മുൻപ് സൂര്യയും അമ്മ വത്സലയും ലോട്ടറി വിൽക്കാൻ പോകുന്നതിനിടയിൽ ആര്യനാട് റോഡിൽ വച്ച് അരുൺ ഇവരെ തടഞ്ഞുനിർത്തി സൂര്യയുടെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു.തുടർന്ന് ആര്യനാട് പൊലീസ് ഇടപെട്ടാണ് മടക്കി വാങ്ങി നൽകിയത്. ഇനിയൊരു പ്രശ്നം ഉണ്ടാക്കില്ലെന്നു സ്റ്റേഷനിൽ ഉറപ്പു നൽകി പോയ അരുണിനെ പിന്നീടു കാണുന്നത് സംഭവദിവസം ഉച്ചയ്ക്ക് കൊലക്കത്തിയുമായി വീട്ടിലെത്തിയപ്പോഴാണെന്നു വത്സല കോടതിയിൽ മൊഴി നൽകി. 

അക്ഷോഭ്യനായി അരുൺ

 സൂര്യഗായത്രി കൊലക്കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുൺ കോടതി നേരിട്ടു നടത്തിയ വിചാരണയെ അക്ഷോഭ്യനായാണ്  നേരിട്ടത്. സഹതടവുകാരിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കി എത്തിയ പ്രതി, കോടതിയുടെ ഓരോ ചോദ്യത്തിനും തന്ത്രപരമായാണ് മറുപടി നൽകിയത്. സംഭവ സ്ഥലത്തെ തന്റെ സാന്നിധ്യം സമ്മതിച്ച പ്രതി താനല്ല കൊലപ്പെടുത്തിയതെന്നും സൂര്യഗായത്രി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കോടതിയെ അറിയിച്ചു.

സൂര്യഗായത്രി തന്നെ കുത്താൻ ഉപയോഗിച്ച കത്തി പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞു പോയെന്നു പറഞ്ഞ പ്രതി, കോടതിയിൽ തൊണ്ടിയായി ഹാജരാക്കിയ രക്തം പുരണ്ട വസ്ത്രങ്ങൾ തന്റേതല്ലെന്നും പറഞ്ഞു.സൂര്യഗായത്രിയുടെ അയൽക്കാരാണ് തന്നെ പിടികൂടി പൊലീസിൽ എൽപിച്ചതെന്ന് ആദ്യം  സമ്മതിക്കാതിരുന്ന പ്രതി പിന്നീട് ഇക്കാര്യം  സമ്മതിച്ചു. പ്രതി തന്നെ തന്റെ സാന്നിധ്യം സമ്മതിച്ചതും സംഭവ സമയം പ്രതിക്ക് ഏറ്റ പരുക്കും കേസിൽ പ്രോസിക്യൂഷനു സഹായകമായ തെളിവായി.

soorya-gayathri-arun

പ്രതീക്ഷിച്ചത് വധശിക്ഷ: സൂര്യഗായത്രിയുടെ അമ്മ

‘ഒരു നിമിഷം പോലും അവൻ ഈ ഭൂമിയിൽ കിടക്കാൻ അർഹനല്ല, ഇനിയൊരു അമ്മയും ഞാൻ ദുഃഖിക്കുന്നതു പോലെ ദുഃഖിക്കാൻ ഇടവരരുത്–’ മകൾ സൂര്യഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം ശിക്ഷ വിധിച്ചെന്നറിഞ്ഞ അമ്മ വത്സല പറഞ്ഞു. നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും വിധി കേൾക്കാൻ വത്സല ഓട്ടോറിക്ഷയിൽ കോടതിയിലെത്തിയിരുന്നു. വിധിയിൽ തൃപ്തയല്ലെന്നും വധ ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വത്സല പറഞ്ഞു.കേസ് അട്ടിമറിക്കാൻ പ്രതിഭാഗം ശ്രമിച്ചെന്നും വത്സല ആരോപിച്ചു. ‘ഞങ്ങൾ കൊടുത്ത മൊഴിയല്ല എടുത്തത്. എഫ്ഐആർ വായിച്ചു കേട്ടപ്പോഴാണ് ഞങ്ങൾ കൊടുത്ത പല വിവരങ്ങളും അതിൽ ഇല്ലെന്നു മനസ്സിലായത്. – വത്സല പറഞ്ഞു. 

സൂര്യഗായത്രി വധം: പ്രതിക്ക് ജീവപര്യന്തം, 6 ലക്ഷം പിഴ

തിരുവനന്തപുരം ∙ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിനു നെടുമങ്ങാട് സ്വദേശിനിയായ സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിനു ജീവപര്യന്തം കഠിന തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. വധശ്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ മറ്റു കുറ്റങ്ങളിൽ 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.

നെടുമങ്ങാട് കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന ശിവദാസ് - വത്സല ദമ്പതികളുടെ ഏക മകൾ സൂര്യഗായത്രിയെ (20) 2021 ഓഗസ്റ്റ് 30 ന് ഉച്ചയ്ക്കു വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണു കേസ്. കൊലപാതകത്തിനു ശേഷം സമീപത്തെ വീടിന്റെ ടെറസിൽ ഒളിച്ചിരുന്ന പ്രതി പേയാട് ചിറക്കോണം വാറുവിളാകത്തു വീട്ടിൽ അരുണിനെ (29) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.

ശിക്ഷാവിധി കേൾക്കാൻ സൂര്യഗായത്രിയുടെ അമ്മ വത്സലയും എത്തിയിരുന്നു. വത്സലയ്ക്കു ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.വത്സലയെ വധിക്കാൻ ശ്രമിച്ചതിനു 10 വർഷം കഠിന തടവും 50,000 രൂപ പിഴയും. വീട്ടിൽ അതിക്രമിച്ചു കടന്നതിന് 5 വർഷം കഠിന തടവും 50000 രൂപ പിഴയും. വത്സലയെ വെട്ടി പരുക്കേൽപ്പിച്ചതിനു 2 വർഷം കഠിന തടവ്. കുറ്റകരമായ ഭയപ്പെടുത്തലിനു 2 വർഷം തടവ്. അച്ഛൻ ശിവദാസനെ ദേഹോപദ്രവം ചെയ്തതിന് ഒരു വർഷം കഠിന തടവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS