ADVERTISEMENT

തിരുവനന്തപുരം ∙ ലോട്ടറി അടിച്ചാൽ‌ ആ പണം എന്തുചെയ്യണം? ലോട്ടറി വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഉയർന്ന ഇൗ ചോദ്യത്തിനു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ.എൻ.രാമലിംഗത്തിന്റെ മറുപടി വളരെ സിംപിളായിരുന്നു. ‘‘പലരും പറയുന്നതു കേട്ട് എടുത്തു ചാടരുത്. നിങ്ങൾക്കു വിശ്വസിക്കാവുന്ന ഒരു ഫിനാൻഷ്യൽ അഡ്വൈസറെയോ ചാർ‌ട്ടേഡ് അക്കൗണ്ടന്റിനെയോ സമീപിച്ച് പണം നിക്ഷേപിക്കാവുന്ന മാർഗങ്ങൾ ചോദിച്ചറിയുക. എല്ലാ തുകയും ഒരിടത്തു നിക്ഷേപിക്കരുത്.ലാഭമുണ്ടാക്കാവുന്ന വിവിധ മാർഗങ്ങളിൽ പണം നിക്ഷേപിക്കുക. അടയ്ക്കേണ്ട നികുതികളെല്ലാം അടയ്ക്കുകയും ആദായ നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കുകയും വേണം. പിന്നെ ഒരു ഭയവും വേണ്ട’’

ലോട്ടറിയടിച്ച പണം ധൂർത്തടിച്ചും തെറ്റായ നിക്ഷേപങ്ങൾ നടത്തിയും മാസങ്ങൾ കൊണ്ടു പൊട്ടിച്ചുതീർത്തവരുടെ കഥ കേട്ടാണു ഭാഗ്യവാൻമാർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാൻ ലോട്ടറി വകുപ്പു തീരുമാനിച്ചത്. ഇന്നലെ സംഘടിപ്പിച്ച  ആദ്യ ക്ലാസിലേക്ക് 20 ലക്ഷത്തിനു മേൽ സമ്മാനം നേടിയ 50 പേരെയാണു ക്ഷണിച്ചത്. ഇതിൽ 36 പേരെത്തി. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടിയുടെ ഓണം ബംപർ നേടിയ അനൂപായിരുന്നു ഭാഗ്യവാൻമാരിലെ താരം. സഹായം ചോദിച്ചെത്തുന്നവരുടെ കൂത്തൊഴുക്കു കാരണം വീട്ടിൽ‌ നിന്നു മാറി നിൽക്കേണ്ടി വന്ന താൻ ഇപ്പോൾ 2 ലോട്ടറിക്കടകൾ നടത്തുകയാണെന്ന് അനൂപ് പറഞ്ഞു. കെട്ടിട നിർമാണ മേഖലയിലേക്കു കൂടി തിരിയാനാണ് ഇപ്പോഴത്തെ പ്ലാൻ. കിട്ടിയ പണത്തിൽ നല്ലൊരു പങ്കും സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. 

അനൂപിനു നേരിടേണ്ടി വന്ന ദുരവസ്ഥ കാരണം പിന്നീടു ബംപർ സമ്മാനമടിച്ച ആരും പേരു വെളിപ്പെടുത്താൻ തയാറായില്ല. ഇന്നലത്തെ പരിശീലന പരിപാടിയിൽ ഇൗ അ‍ജ്ഞാതരെയും വിളിച്ചെങ്കിലും വന്നില്ല. ഏറ്റവും സുരക്ഷിതമായി നിക്ഷേപമെന്ന നിലയിൽ പണം ട്രഷറിയിൽ നിക്ഷേപിക്കാമെന്നു ക്ലാസ് നയിച്ചവർ ചൂണ്ടിക്കാട്ടി. ഏഴര ശതമാനമാണു പലിശ. പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനൊപ്പം അതിൽ നിന്നുള്ള വരുമാനം കൊണ്ട് എന്തൊക്കെ ചെയ്യുമെന്ന പ്ലാനും വേണം. മക്കളുടെ വിവാഹം, വീടു നിർമാണം തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ വേണം. 

സംസ്ഥാനത്ത് ഓരോ ദിവസവും 1.08 കോടി പേരാണു ലോട്ടറി ടിക്കറ്റെടുക്കുന്നത്.  2 ലക്ഷം പേർ ലോട്ടറിയിലൂടെ മാത്രം ജിവിക്കുന്നു. 7000 കോടി രൂപ ഒരു വർഷം സമ്മാനമായി നൽകുന്നു. കാരുണ്യ പദ്ധതിക്കായി ലോട്ടറി വകുപ്പ് 1732 കോടി കൈമാറിയതായി പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2012 മുതലാണ് ഇത്രയും തുക കൈമാറിയത്. പ്രതിമാസമോ രണ്ടു മാസത്തിൽ ഒരിക്കലോ ലോട്ടറി ജേതാക്കൾക്കായി ഇത്തരത്തിൽ പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ലോട്ടറി ഡയറക്ടർ എസ്.ഏബ്രഹാം റെൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ പ്രഫ.കെ.ജെ.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com