അതിർത്തി ഗ്രാമത്തിന്റെ ആദ്യ സിവിൽ സർവീസുകാരിയായി മെറീന വിക്ടർ

Mail This Article
പാറശാല∙ അതിർത്തി ഗ്രാമത്തിന്റെ ആദ്യ സിവിൽ സർവീസുകാരിയായി മെറീന വിക്ടർ. സിവിൽ സർവീസ് പരീക്ഷയിൽ 585 –ാം റാങ്ക് നേടിയ പി. മെറീന വിക്ടർ ഉച്ചക്കട കാക്കവിള സ്വദേശിയാണ്. ആദ്യ രണ്ടു തവണ പ്രിലിമിനറി പരീക്ഷ കടക്കാൻ കഴിഞ്ഞില്ലെങ്കിലും മൂന്നാം തവണ മികച്ച വിജയം നേടി. പുണെ ഐസറിൽ നിന്ന് ബയോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി ചെയ്യുമ്പോഴാണ് ഐഎഎസ് ആഗ്രഹമുണ്ടാകുന്നത്. പിന്നീട് ഗവേഷണത്തിൽ നിന്ന് അവധിയെടുത്ത് പഠനത്തിനായി വിനിയോഗിച്ചു. റിട്ട കൃഷി ഒാഫിസർ ആർ.വിക്ടർരാജ്–അന്തിയൂർക്കോണം എൽഎഫ് ഹൈസ്കൂൾ അധ്യാപിക പത്‌മവിരാജ് ദമ്പതികളുടെ മകളാണ്. ഭർത്താവ് എം.എസ് പ്രശാന്ത് (എൻജിനീയർ ഇൻഫോസിസ്), മകൻ ഈതൻ നിയോ ജോസഫ്.

ആദ്യ ശ്രമത്തിൽ അഭിമാനനേട്ടം
ചിറയിൻകീഴ്∙ അഴൂർ മുട്ടപ്പലം ഗ്രാമമാകെ ആഹ്ലാദാരവത്തിലാണ്. നാടിനു അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 681–ാമത്തെ റാങ്കു വാങ്ങി വിജയിച്ച ആർദ്ര അശോകിനിതു സ്വപ്നസാഫല്യത്തിന്റെ നിമിഷങ്ങളും. പെരുങ്ങുഴി മുട്ടപ്പലം ഹരിദേവമന്ദിരത്തിൽ പിആർഡി റിട്ട.ജീവനക്കാരൻ എസ്.അശോക്‌കുമാർ– എസ്.ഗീതദേവി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവളാണു ആർദ്ര.
പാപ്പനംകോട് ശ്രീചിത്തിരതിരുനാൾ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് ബിരുദം നേടി. ആദ്യ ശ്രമത്തിൽ തന്നെയാണ് ആർദ്ര 681–ാമത്തെ റാങ്കുകാരിയാകുന്നത്. ഐഎഎസ് എന്ന ലക്ഷ്യത്തിലെത്താൻ പരിശീലനം തുടരാൻ തിരുവനന്തപുരത്തെ കോച്ചിങ് സെന്ററിലേക്ക് ആർദ്ര മടങ്ങിക്കഴിഞ്ഞു. സഹോദരന്മാർ: അമൽ, അഖിൽ