ADVERTISEMENT

തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിന്റെ ദലിത് വിരുദ്ധ നടപടികൾക്കെതിരെ പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിലും പൊലീസ് ലാത്തിയടിയിലും നിരവധി പേർക്കു പരുക്ക്. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറയുടെ കൈവിരൽ ഒടിഞ്ഞു. ബിജെപി നേമം മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, പട്ടികജാതി മോർച്ച ജില്ലാ ഐടി സെൽ കൺവീനർ പ്രശാന്ത് വഴയില, സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത് എന്നിവർക്ക് ഉൾപ്പെടെ പരുക്ക്. 

ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ ശ്രമമാണു സംഘർഷത്തിനു വഴി വച്ചത്. പൊലീസ് ഒട്ടേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ തെറിച്ചു വീണാണു പ്രവർത്തകർക്കു പരുക്കേറ്റത്. പീരങ്കി പ്രയോഗത്തിനു പിന്നാലെ പൊലീസുമായി ഉന്തും തള്ളും  കയ്യാങ്കളിയും ഉണ്ടായി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ലാത്തിയടിയിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി ആരോപിച്ചു പ്രവർത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ പിരിഞ്ഞു പോയതോടെയാണു സംഘർഷത്തിന് അയവു വന്നത്. 

പട്ടികജാതി വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റും സ്റ്റൈപന്റും  ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ രണ്ടു വർഷമായി സംസ്ഥാന സർക്കാർ നൽകുന്നില്ലെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആരോപിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത്, വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ, സമിതി അംഗങ്ങളായ രമേശ്‌ കൊച്ചുമുറി, മധുസൂദനൻ,  ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, ബിജെപി മണ്ഡലം പ്രസിഡന്റ് രാജേഷ്,  നേതാക്കളായ ജി.എസ്.മഹേഷ്‌. നിഷാന്ത് വഴയില, പാറയിൽ മോഹനൻ,  മഹേഷ് കുര്യാത്തി, കൈമനം മഹേഷ്‌, കഴക്കൂട്ടം ബാബു, വക്കം സുനിൽ, രതീഷ്‌ പുഞ്ചക്കരി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com