ADVERTISEMENT

തിരുവനന്തപുരം∙ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്മാർട്ട് സിറ്റി പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകളുടെ നിർമാണം പൂർത്തിയാകാത്തത് നഗരഗതാഗതം താറുമാറാക്കുമെന്നു ആശങ്ക. പൊട്ടിപ്പൊളിഞ്ഞ ഇത്തരം റോഡുകൾക്ക് പരിസരത്തായി നിരവധി സ്കൂളുകളാണ് ഉള്ളത്. ഇവിടങ്ങളിൽ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർഥികളുടെ നടുവൊടിക്കുന്ന തരത്തിലാണ് നിലവിലെ റോഡുകളുടെ അവസ്ഥ. സ്കൂൾ തുറക്കുമ്പോൾ സാധാരണ ഉണ്ടാകുന്നതിൽ കൂടുതൽ ഗതാഗതക്കുരുക്ക് ഈ റോഡുകൾ കാരണം ഇത്തവണ ഉണ്ടാകുമെന്നാണ് ട്രാഫിക് പൊലീസിന്റെയും വിലയിരുത്തൽ. റോഡുകളുടെ പണി പൂ‍ർത്തിയാക്കാനായി മുഖ്യമന്ത്രി ഉൾപ്പെടെ പലതവണ ചർച്ച നടത്തിയിട്ടും നടപടികൾ മാത്രം ഇനിയും അകലെയാണ്.

തൈക്കാട് മോഡൽ ബോയ്സ് സ്കൂളിനു സമീപം മാൻഹോൾ വെറും പലക കൊണ്ട് മൂടിയ നിലയിൽ.

വെട്ടിപ്പൊളിച്ച് താറുമാറാക്കിയ റോഡുകളെ കൂടാതെയാണ് പലയിടത്തും പൈപ്പ് പണിക്കായി വലിയ കുഴികൾ എടുത്ത് ഇട്ടിരിക്കുന്നതും. വർഷങ്ങൾക്ക് മുൻപ് കുത്തിപ്പൊളിച്ച് ഇട്ട റോഡുകളുടെ പുനർനിർമാണത്തിനായി ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയാറാകാത്ത സ്ഥിതിയും നിലവിലുണ്ട്. വിജെടി ഹാൾ റോഡ്, റോസ് ഹൗസ്– പനവിള റോഡ് (കലാഭവൻ മണി റോ‍ഡ്), സ്റ്റാച്യു– ജനറൽ ആശുപത്രി റോഡ്, തൈക്കാട് ഹൗസ്– കീഴെ തമ്പാനൂർ റോഡ്, നോർക്ക – ഗാന്ധി ഭവൻ റോഡ്, ഓവർ ബ്രിജ്– പഴയ കലക്ടറേറ്റ്– ഉപ്പിടാംമൂട് പാലം റോഡ്, ആൽത്തറ – ചെന്തിട്ട റോഡ്, ചെന്തിട്ട– അട്ടക്കുളങ്ങര റോഡ്, മാനവീയം വീഥി, ജനറൽ ആശുപത്രി– വഞ്ചിയൂർ റോഡ് തുടങ്ങിയ റോഡുകളുടെ നിർമാണമാണ് പാതി വഴിയിൽ നിലച്ചത്.തൈക്കാട് മോഡൽ സ്കൂൾ ഭാഗത്ത് റോഡ് കുത്തി പൊളിച്ചിട്ട് വർഷങ്ങളായി.

മോഡൽ സ്കൂളും യുപി സ്കൂളും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ജനറൽ ആശുപത്രി ജംക്‌ഷനിൽ നിന്നും വഞ്ചിയൂർ കോടതി ഭാഗത്തേക്ക് പോകുന്ന റോഡും വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. ഹോളി എയ്ഞ്ചൽസ് സ്കൂൾ ഉൾപ്പെടെ ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത്. ഗവ. വനിതാ കോളജിന് സമീപമാണ് കലാഭവൻ മണി റോഡ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി റോഡുകളുടെ നിർമാണം പൂർത്തിയാകുമെന്നു അധികൃതർ അവകാശപ്പെട്ടിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതും ഫണ്ട് അപര്യാപ്തതയും മൂലമാണ് നഗരറോഡുകളുടെ പുനർനിർമാണം സാധ്യമാകാത്തത്. സ്കൂൾ തുറന്ന് മഴ കൂടി എത്തിയാൽ നിർമാണ പ്രവർത്തനം സാധ്യമാകാതെ വരും. അതോടെ വീണ്ടും റോഡ് നിർമാണം പൂർത്തിയാക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com