സുറുമയെഴുതിയ മിഴികളിൽ ഓളം തീർത്ത് കീരവാണി
Mail This Article
തിരുവനന്തപുരം∙ ‘മലയാളികൾക്കു മുന്നിൽ നിന്ന് ഒരു പാട്ടു പാടാൻ ആവശ്യപ്പെട്ടാൽ പ്രിയപ്പെട്ട ബാബുക്കയുടെ പാട്ടല്ലാതെ മറ്റെന്താണ് ഞാൻ പാടുക? ‘നാട്ടു നാട്ടു’ പാട്ടിലൂടെ ലോകത്തിന്റെ മനം കവർന്ന ഓസ്കർ പുരസ്കാര ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എം.എം.കീരവാണി നാട്യങ്ങളൊന്നുമില്ലാതെ പറഞ്ഞപ്പോൾ തിങ്ങിക്കൂടിയ ആരാധകരുടെ അണമുറിയാത്ത കരഘോഷം. ‘ബാബുക്ക എന്ന എം.എസ്.ബാബുരാജ് എനിക്കേറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളാണ്. ഇടയ്ക്കെല്ലാം അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നു, മൂളുന്നു. വരികളും ഈണവും മനസ്സിലും ഹൃദയത്തിലും കോറിയിട്ടതു പോലെയാണ്. നിങ്ങൾക്കു മുന്നിൽ എന്റെ പാട്ട് പാടുന്നതിലേറെ അദ്ദേഹത്തിന്റെ ഗാനം ആലപിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.’
ബാബുരാജിന്റെ ക്ലാസിക്കുകളിലൊന്നായ, അര നൂറ്റാണ്ടു പിന്നിട്ട ‘സുറുമയെഴുതിയ മിഴികളേ’യുടെ അവസാന ഭാഗത്തു നിന്നാണ് കീരവാണി തുടങ്ങിയത്. ‘ഒരു കിനാവിൻ ചിറകിലേറി, ഓമലാളേ നീ വരൂ.. നീലമിഴിയിലെ രാഗലഹരി നീ പകർന്നു തരൂ..തരൂ, സുറുമയെഴുതിയ മിഴികളേ..’ 1967ൽ പുറത്തിറങ്ങിയ ‘ഖദീജ’യിലെ യൂസഫലി കേച്ചേരി എഴുതി ബാബുരാജ് ഈണമിട്ട് യേശുദാസ് പാടി അനശ്വരമാക്കിയ ഗാനം കീരവാണി തന്റെ ശബ്ദത്തിലൂടെ ഒന്നുകൂടി അനശ്വരമാക്കി.ബേബി ജോൺ വല്യത്ത് നിർമാണവും സംവിധാനവും നിർവഹിക്കുന്ന മലയാള ചിത്രമായ ‘മജിഷ്യന്റെ’ പൂജയിൽ പങ്കെടുക്കുന്നതിനാണ് കീരവാണി തലസ്ഥാനത്ത് എത്തിയത്. ഓസ്കർ നേട്ടത്തിനു ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ‘നാട്ടു നാട്ടു’പാട്ടിന്റെ അകമ്പടിയോടെയാണ് വേദിയായ ലുലു മാളിലേക്കു വരവേറ്റത്.
‘നമസ്കാരം..സുഖമാണോ?’ എന്ന ചോദ്യത്തോടെ തുടക്കം. തനിക്ക് നന്നായി പറയാനറിയാവുന്ന മലയാളം വാക്കുകളിലൊന്ന് ‘സുഖമാണോ’ എന്നതാണെന്ന് കീരവാണി പറഞ്ഞു. ഏറെ കാലത്തിനു ശേഷമാണ് മലയാള ചിത്രത്തിൽ 3 പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. നീലഗിരി, ദേവരാഗം, സൂര്യമാനസം തുടങ്ങിയ ചിത്രങ്ങളിലെ തന്റെ പാട്ടുകൾ സ്വീകരിച്ചതു പോലെ പുതിയ സിനിമയിലെ ഗാനങ്ങളും ഏറ്റെടുക്കണമെന്നാണ് പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു. നടൻ ഗിന്നസ് പക്രു അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്ര, സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖർ ഓസ്കർ നേട്ടത്തിൽ കീരവാണിയെ അനുമോദിച്ചു. സാംശിവ മ്യൂസിക് ഒരുക്കിയ ‘കീരവാണി ട്രിബ്യൂട്ടും’ നടന്നു.