തിരുവനന്തപുരം ∙ടൂറിസം വകുപ്പിനു കീഴിൽ വെള്ളാറിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ സ്ഥാപിച്ച ‘കെഎസിവി കളരി അക്കാദമി’യുടെ ഉദ്ഘാടനം 31-ന് സഹകരണമന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. വൈകിട്ട് ആറിന് കോവളം എംഎൽഎ എം. വിൻസെന്റ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് കളരി അക്കാദമി തീം വിഡിയോയും ടൂറിസം ഡയറക്ട്ർ പി. ബി. നൂഹ് വെബ്‌സൈറ്റും പ്രകാശനം ചെയ്യും.

കേരളകലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി മുഖ്യപ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ, കളരി വിദഗ്ദ്ധയും കെഎസിവി കളരി അക്കാദമി മേധാവിയുമായ പദ്മശ്രീ മീനാക്ഷിയമ്മ, ചലച്ചിത്രതാരങ്ങളായ അനാർക്കലി മരിക്കാർ, റോഷൻ മാത്യു, കൂടിയാട്ടം കലാകാരി കപില വേണു എന്നിവർ മുഖ്യാതിഥികൾ ആകും.
കെഎസിവി കളരി അക്കാദമിയുടെ സങ്കല്പനം ഡോ. സന്ദേശ് ഇ. പി. എ. അവതരിപ്പിക്കും. ടൂറിസം വകുപ്പിനുവേണ്ടി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും കളരി അക്കാദമിയും നിർമ്മിച്ചു നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി അതിഥികൾക്ക് ഉപഹാരം സമ്മാനിക്കും.