തിരുവനന്തപുരം ∙ പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചെന്ന് യുട്യൂബിൽ വ്യാജ വിഡിയോ തയാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി പഞ്ചായത്തംഗമായ യുട്യൂബർ അറസ്റ്റിൽ. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡായ അമ്പലത്തുംഭാഗത്തെ പ്രതിനിധീകരിക്കുന്ന നിഖിൽ മനോഹറിനെയാണ് (28) തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാൾ പാരലൽ കോളജ് അധ്യാപകനാണ്.
പ്ലസ്ടു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇയാൾ, സ്വന്തം യുട്യൂബ് ചാനലിലൂടെ തെറ്റായ പ്രചാരണം നടത്തിയത്. ‘പ്ലസ്ടു ഫലം റദ്ദാക്കി, മന്ത്രിക്ക് തെറ്റുപറ്റി’ എന്ന തലക്കെട്ടിലുള്ള വ്യാജ വാർത്തയാണ് ഇയാൾ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. ഫലത്തിൽ പിഴവുണ്ടായതിനാൽ ഫലപ്രഖ്യാപനം പിൻവലിച്ചതായും പുതിയ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രചാരണം.
പിന്നീട് തലക്കെട്ട് മാറ്റിയ നിഖിൽ, ചില അപാകതകൾ കാരണം ചിലരുടെ പരീക്ഷാഫലം പിൻവലിച്ചുവെന്ന രീതിയിൽ വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തു. പരാതി ഉയർന്നതിനെത്തുടർന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ഡിജിപി അനിൽകാന്തിനു പരാതി നൽകി. കന്റോൺമെന്റ് സിഐ ബി.എം.ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിഖിലിനെ ഞായറാഴ്ച രാത്രി കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിഖിൽ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമാണെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ബിജെപി നേതൃത്വം പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.