ADVERTISEMENT

വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ഇനി ഒരു ദിവസം മാത്രം. ജില്ലയിലെ ചില സർക്കാർ സ്കൂളുകൾ ഇപ്പോഴും ശോച്യാവസ്ഥയിലാണ്. നിർധനരായ കുട്ടികൾ ഈ സ്കൂളുകളിലിരുന്ന് എങ്ങനെ പഠിക്കും?

പാമ്പുകൾക്ക് ‘മാളമുണ്ട്’

വെള്ളനാട് ∙ ജനാല തുറന്നിട്ടാൽ ഇഴ‍ജന്തുക്കൾ കയറും, മഴ പെയ്താൽ ചോർന്നൊലിക്കും.  മറ്റു സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് ഏറെ പരിതാപകരമായ മന്ദിരങ്ങൾ ആണ് മുണ്ടേല ഗവ.ട്രൈബൽ എൽപി സ്കൂളിലേത്. ഓഫിസിന്റെ വാതിൽ‍ അടയ്ക്കാൻ തന്നെ ഏറെ സമയമെടുക്കും. പ്രൈമറി കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറി കെട്ടിടം തകർന്ന നിലയിൽ. ഇഴജന്തുക്കളെ പേടിച്ച് ഓഫിസിന്റെ പിൻവശത്തെ ജനാലകൾ തുറക്കാതെ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഓഫിസ് കെട്ടിടത്തിന്റെ പിൻവശത്തോട് ചേർന്നാണ് മതിൽ സ്ഥിതി ചെയ്യുന്നത്. ഓഫിസ് കെട്ടിടത്തിനും മതിലിനും ഇടയിലുള്ള ചെറിയ സ്ഥലത്ത് കയറി വൃത്തിയാക്കുന്നത് ഏറെ ദുഷ്കരം. സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ സമീപത്തെ മാവിൽ എറിയുന്ന കല്ലുകൾ വീണ് പ‌െ‌ാട്ടി. മഴ പെയ്യുമ്പോൾ ചേ‌ാരും. ഓടിട്ട കെട്ടിടത്തിലെ പിൻവശത്തെ ജനലുകൾ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ കെട്ടിടത്തിന്റെ നവീകരണത്തിനായി 25 ലക്ഷം രൂപയുടെ ഫണ്ട് വകയിരുത്തിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അറിയിച്ചു. 

മുണ്ടേല ഗവ.ട്രൈബൽ എൽപി സ്കൂൾ കെട്ടിടങ്ങൾ.

സ്റ്റാഫ് മുറി ഇവിടെ ക്ലാസ് മുറി!

കോവളം ∙ ക്ലാസ് തുടങ്ങാൻ മുറികളില്ലാത്തതിന്റെ ആകുലതയിലാണ് വെങ്ങാനൂർ മുട്ടയ്ക്കാട് ഗവ എൽപി സ്കൂൾ അധികൃതർ.  ആവശ്യാനുസരണം മുറികൾ ഇല്ലാത്തതിനാൽ സ്റ്റാഫ് മുറി വരെ ക്ലാസ് മുറിയാക്കിയാണ് കഴിഞ്ഞ വർഷം അധ്യയനം നടത്തിയത്. പ്രീ– കെജി മന്ദിരത്തിനും ഓഫിസ് മുറി ഉൾപ്പെട്ട ഇരു നില മന്ദിരത്തിനും മധ്യേയുള്ള ഓടു മേഞ്ഞ പഴയ കെട്ടിടം മേൽക്കൂര കേടായതിനെ തുടർന്ന് ശോച്യാവസ്ഥയിലാണ്. ഇവിടെ ക്ലാസ് നടത്തുന്നില്ല. ഉദ്യോഗസ്ഥൻ പരിശോധിച്ച് കെട്ടിടം അൺഫിറ്റ് ആണ് എന്നു പറഞ്ഞുവെങ്കിലും ഇതു പൊളിച്ചു മാറ്റാനുള്ള നടപടി വൈകുകയാണെന്നും അധികൃതർ പറഞ്ഞു.  കഴിഞ്ഞ അധ്യയന വർഷം പ്രീകെജി ഉൾപ്പെടെ ഇരുന്നൂറ്റമ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. പുതിയ വിദ്യാർഥികൾ എത്തുമ്പോൾ രണ്ടു ക്ലാസ് മുറികളെങ്കിലും കൂടുതലായി വേണ്ടിവരും. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള തീരുമാനം അടുത്ത കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ അറിയിച്ചു. 

ചെറുകോട് ഗവ.ട്രൈബൽ എൽപി സ്കൂളിൽ പോകേണ്ട റോഡരികിൽ നിന്ന് തുടങ്ങുന്ന പടികൾ. മുകളിൽ സ്കൂൾ കെട്ടിടവും കാണാം

വിണ്ടുകീറിയ ഭിത്തി 

മലയിൻകീഴ് ∙ റോഡരികിൽ നിന്നു തുടങ്ങുന്ന 30 പടിക്കെട്ടുകൾ കയറി തളർന്നു കുന്നിൻ മുകളിൽ എത്തുന്ന വിദ്യാർഥികളെ ഈ അധ്യയന വർഷവും കാത്തിരിക്കുന്നത് കാലപ്പഴക്കം ചെന്ന സ്കൂൾ മന്ദിരം. വിളപ്പിൽ പഞ്ചായത്ത് ചെറുകോട് വാർഡിലെ ട്രൈബൽ ഗവ.എൽപി സ്കൂളിലാണ് അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്നത്. കരിങ്കല്ല് കൊണ്ടു നിർമിച്ച ഭിത്തിയും ഷീറ്റിട്ട മേൽക്കൂരയുമുള്ള ഉയരം കുറഞ്ഞ, 80 വർഷത്തിലേറെ പഴക്കമുള്ള ഒരൊറ്റ കെട്ടിടത്തിലാണ് നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള അറുപതോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഒരു വലിയ ഹാൾ മാത്രമാണ് ഉള്ളത്. വേർതിരിച്ചാണു ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂര മാറ്റി അടുത്തിടെയാണ് ഇരുമ്പ് ഷീറ്റിട്ടത്. താഴെ സീലിങ് ഒരുക്കിയിട്ടുണ്ടെങ്കിലും ചൂടിന് കുറവില്ല. ഭിത്തിയിൽ വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. 

മഴക്കാലം ദുരിതകാലം

മഴ പെയ്താൽ ദുരിതം ഇരട്ടിയാകും. തെന്നി വീഴാനും സാധ്യത ഏറെയാണ്. സ്കൂളിനു ചുറ്റുമതിൽ ഇല്ലാത്തതും ഭീഷണിയാണ്. പ്രദേശവാസി വർഷങ്ങൾക്കു മുൻപ് സൗജന്യമായി വിട്ടുകൊടുത്ത 50 സെന്റിലാണ് സ്കൂൾ നിർമിച്ചത്. പുതിയ കെട്ടിടം പണിയാൻ എംഎൽഎ ഫണ്ടിൽ ഒരു കോടി രൂപ അനുവദിച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു.  പ്രാഥമിക നടപടികൾ പോലും തുടങ്ങിയില്ല. പുതിയ കെട്ടിടം യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണെന്നും മറ്റു സ്ഥലം ഇല്ലാത്തതിനാൽ അതു വരെ കുട്ടികൾ പഴയ സ്കൂൾ കെട്ടിടത്തിൽ തന്നെ പഠിക്കേണ്ടി വരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ പറഞ്ഞു.

ഇവിടെയും ക്ലാസ്  മുറികൾ ഇല്ല

വിഴിഞ്ഞം ഗവ. എസ്‌വി എൽപി സ്കൂളിലും ക്ലാസ് മുറികൾ കുറവ് . മൂന്നു ക്ലാസ് മുറികൾ കൂടി ലഭ്യമായിരുന്നുവെങ്കിൽ സുഗമമായ അധ്യയനം സാധ്യമാകുമെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ അധ്യയന വർഷം നഴ്സറി വിഭാഗം ഉൾപ്പെടെ 226 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇത്തവണ എണ്ണം കൂടുന്നതനുസരിച്ചു ക്ലാസ് സൗകര്യം ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കും. രണ്ടാം നിലയിൽ ക്ലാസ് മുറികൾ പണിയുന്നതിനു കോർ‍പറേഷൻ അധികൃതർ കനിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com