തിരുവനന്തപുരം∙ മധ്യ വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നതിന് 2 ദിവസം മുൻപേ സംസ്ഥാനത്തെ അങ്കണവാടികൾ ആഘോഷമായി തുറന്നു. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര അങ്കണവാടിയിൽ നടന്നു. കളിയും ചിരിയും സങ്കടവുമായി എത്തിയ കുഞ്ഞുങ്ങളെ താലോലിച്ചും മധുരം നൽകിയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞുമാണ് മന്ത്രിമാരായ വി.ശിവൻകുട്ടിയും വീണാ ജോർജും ഉദ്ഘാടന വേദിയിലേക്കു വരവേറ്റത്.
എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ഉദ്ഘാടനം നിർവഹിച്ചു മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എസ്.സലിം, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി.പ്രിയങ്ക എന്നിവർ പ്രസംഗിച്ചു.