ADVERTISEMENT

തിരുവനന്തപുരം∙ ‘സ്ഥാപനം അടച്ചുപൂട്ടിയിട്ടിട്ട് സ്വൈരമായി വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന് ഉദ്യോഗസ്ഥർ കരുതണ്ട. സമരത്തിന്റെ രീതിയും ഭാവവും മാറും. ഇവിടെ യൂണിയനുകളുണ്ടെങ്കിൽ തുറപ്പിക്കാൻ എന്തു ചെയ്യണമെന്നു ഞങ്ങൾക്കറിയാം’– സിഐടിയു നേതാവായിരിക്കെ വേളിയിലെ ഇംഗ്ലിഷ് ഇന്ത്യ ക്ലേ തൊഴിലാളികളുടെ സമരപ്പന്തലിൽനിന്നു വി.ശിവൻകുട്ടി നടത്തിയ പ്രസംഗം. തുറപ്പിക്കാൻ എന്തു ചെയ്യണമെന്നറിയാം എന്നു പ്രസംഗിച്ച ശിവൻകുട്ടി ഇന്നു തൊഴിൽ മന്ത്രിയാണ്. എന്നാൽ പൂട്ടിയിട്ട് ഇന്നലെ 1023 ദിവസം തികഞ്ഞിട്ടും ഇംഗ്ലിഷ് ഇന്ത്യ ക്ലേ തുറന്നിട്ടില്ല.

ശിവൻകുട്ടി മാത്രമല്ല, കോൺഗ്രസിന്റെയും ബിജെപിയുടെയുമെല്ലാം നേതാക്കൾ ഇവിടെയെത്തി പ്രസംഗിച്ചു പോയിട്ടുണ്ട്. അന്തസ്സായി ജോലി ചെയ്തിരുന്ന തൊഴിലാളികൾ തുച്ഛമായ വേതനത്തിനു പോലും കിട്ടിയ പണിക്കു പോവുകയാണ്. ചില ദിവസങ്ങളിൽ സമരപ്പന്തലിലെത്തുന്നു. നിരാശ പങ്കിട്ട് വീടുകളിലേക്കു മടങ്ങുന്നു. ഥാപ്പർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലിഷ് ഇന്ത്യ ക്ലേ ഫാക്ടറിക്കു വേളിയിലും തോന്നയ്ക്കലിലുമാണു യൂണിറ്റുകളുള്ളത്. സർക്കാർ പാട്ടത്തിനു നൽകിയ സ്ഥലത്താണു പ്രവർത്തനം. കളിമണ്ണ് ഖനനം ചെയ്തെടുത്തു സംസ്കരിച്ചു വിൽക്കുകയാണു ചെയ്യുന്നത്.

2020 ജനുവരിയിൽ തൊഴിലാളികളുടെ ദീർഘകാല സേവന വേതന കരാർ ഒപ്പിട്ടതിനു ശേഷമാണു കമ്പനി പിൻവാങ്ങാൻ ശ്രമം തുടങ്ങിയത്. കോവിഡിന്റെ പേരിൽ മാർച്ചിൽ അടച്ചിട്ടു. മേയിൽ തുറന്നെങ്കിലും കളിമണ്ണ് കിട്ടാനില്ലെന്നു പറഞ്ഞ് 2020 ഓഗസ്റ്റ് 10നു രണ്ടു യൂണിറ്റുകളും പൂട്ടി. വ്യവസായ തർക്ക നിയമത്തിനു വിരുദ്ധമായിരുന്നു ഈ അടച്ചുപൂട്ടൽ. ആയിരത്തി അഞ്ഞൂറോളം തൊഴിലാളികൾ പെരുവഴിയിലായി. സർക്കാർ നടത്തിയ ചർച്ചയ്ക്കൊടുവിൽ 2019–20 കാലത്തെ ബോണസ് കുടിശിക നൽകി. തോന്നയ്ക്കൽ യൂണിറ്റ് ഒക്ടോബറിൽ തുറന്നെങ്കിലും വേളി യൂണിറ്റ് അടച്ചു തന്നെയിട്ടു. 

രക്തസാക്ഷി ഒന്ന്

വേളി മാധവപുരം സ്വദേശി പ്രഫുല്ലകുമാർ (52) ഈ സമരത്തിലെ രക്തസാക്ഷിയാണ്. ഇവിടെ തൊഴിലാളിയായിരുന്ന പ്രഫുല്ലകുമാറിനെ, സമരം 150 ദിവസത്തോടടുത്തപ്പോൾ 2021 ജനുവരിയിൽ ഫാക്ടറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചു തൊഴിലാളികൾ ഇതിനിടെ അസുഖം ബാധിച്ചു മരിച്ചു. 160 സ്ഥിരം തൊഴിലാളികളുണ്ടായിരുന്നതിൽ 80 പേരിൽനിന്നു രാജി എഴുതി വാങ്ങി. ഭവന വായ്പ കുടിശികയായവർക്കു ബാങ്കിൽനിന്നു ജപ്തി ഭീഷണി വന്നപ്പോഴാണു പലരും രാജിക്കു മുതിർന്നത്. കമ്പനി അടച്ചിട്ടതിന്റെ ലേ ഓഫ് നഷ്ടപരിഹാരമുൾപ്പെടെ ഒന്നും തൊഴിലാളികൾക്കു ലഭിച്ചിട്ടില്ല. 

ഖനനാനുമതി കിട്ടിയാൽ തുറക്കാമെന്നു കമ്പനി

ആദ്യഘട്ട ചർച്ചകളിൽ കളിമണ്ണ് കിട്ടുന്നില്ലെന്നും ഉൽപന്നങ്ങൾക്കു വിപണിയില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. ഖനനാനുമതി സംബന്ധിച്ച പ്രശ്നമുണ്ടെന്നാണ് ഇപ്പോൾ കമ്പനി പറയുന്നത്. വേളിയിൽ കളിമണ്ണ് ഖനനം ചെയ്യുന്നതിനുള്ള അപേക്ഷ പരിസ്ഥിതി വകുപ്പിനു നൽകിയിട്ട് ആറു മാസമായെന്നും നിയമപ്രശ്നങ്ങളുള്ളതിനാൽ നീണ്ടു പോവുകയാണെന്നും കമ്പനി അധികൃതർ പറഞ്ഞു. അനുമതി ലഭിച്ചാലുടൻ തുറക്കുമെന്നും കമ്പനി വ്യക്തമാക്കി. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമിതിയാണു സമരരംഗത്തുള്ളത്. മൂന്നു പാർട്ടികളുടെയും ഒട്ടുമിക്ക നേതാക്കൾക്കും നിവേദനങ്ങൾ നൽകിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com