ചിറയിൻകീഴ് ∙ അഴൂർ ഗ്രാമപ്പഞ്ചായത്തിലെ മുടപുരത്ത് രാത്രിയിൽ വീടു കുത്തിത്തുറന്ന് വൻ കവർച്ച.. പെരുങ്ങുഴി മുട്ടപ്പലം തെക്കേവിളാകം വീട്ടിൽ ഡി .സാബുവിന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വിലവരുന്ന മൊബൈൽ ഫോണും മോഷ്ടാക്കൾ അപഹരിച്ചു.
20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിൻകീഴ് പൊലീസിനു വീട്ടുകാർ പരാതി നൽകി. സാബുവും കുടുംബവും ഇക്കഴിഞ്ഞ 25 നു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സിംഗപ്പൂരിൽ നിന്നു നാട്ടിലെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ടു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണു അലമാര പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്.
ഈ മാസം 5ന് സിംഗപ്പൂരിലേക്കു മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.