വർക്കല∙ ബൈക്കിനുള്ള പെട്രോൾ വാങ്ങി നൽകാത്തതിന്റെ പേരിൽ യുവാക്കളെ കത്തി കൊണ്ടു കുത്തിക്കൊല്ലാൻ ശ്രമം. പ്രതി വർക്കല കോട്ടുമൂല വിളയിൽവീട്ടിൽ അസീം(33) പൊലീസ് പിടിയിലായി. ചെറുന്നിയൂർ കാറാത്തല മണിഭവനത്തിൽ കൈലാസ്നാഥിനാണ്(23) കുത്തേറ്റത്. 30ന് രാത്രി 11 മണിയോടെ അസീം ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് വർക്കല ക്ഷേത്രം റോഡിൽ നടയ്ക്കാമുക്കിന് സമീപം നിൽക്കവേയാണ് ചെറുന്നിയൂർ സ്വദേശികളായ അഖിലും കൈലാസ്നാഥും ബൈക്കിൽ എത്തിയത്.
സുഹൃത്ത് കൂടിയായ അഖിലിനോട് പെട്രോൾ വാങ്ങി നൽകാൻ അസീം ആവശ്യപ്പെട്ടെങ്കിലും അഖിൽ വിസമ്മതിച്ചതോടെ വാക്കേറ്റവും തുടർന്ന് അടിപിടിയുമുണ്ടായി. ഇതിനിടയിലാണ് അസീം കയ്യിൽ കരുതിയ കത്തി കൊണ്ട് കൂടെയുണ്ടായിരുന്ന കൈലാസ് നാഥിന്റെ തലയ്ക്ക് കുത്തി പരുക്കേൽപിച്ചത്. തലയുടെ ഇടത് ഭാഗത്ത് തലയോട്ടിയിൽ തറയ്ക്കുന്ന രീതിയിൽ കത്തി കൊണ്ട് കുത്തുകയും കത്തിയുടെ പിടി ഒടിയുകയും ചെയ്തു.
തുടർന്ന് അഖിൽ, കൈലാസ്നാഥിനെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു കത്തി നീക്കം ചെയ്തശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. രാത്രി തന്നെ നടത്തിയ തിരച്ചിലിലാണ് അസീമിനെ പൊലീസ് പിടികൂടിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.