വിതുര∙ തൊളിക്കോട് മരങ്ങാട് മേത്തോട്ടി ഗവ: ട്രൈബൽ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥി എ.എസ്. സുഖിലിനു കൂട്ടായി പുതിയ അധ്യാപികയെത്തി. വിരമിച്ച ഹെഡ്മാസ്റ്റർ കെ.വി. അനിൽ കുമാറിൽ നിന്നു പകൽക്കുറി സ്വദേശിനിയായ അധ്യാപിക എസ്.പി. പ്രവീണ ഇന്നലെ ചാർജെടുത്തു. ‘മനോരമ’ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ 30നു തന്നെ പുതിയ അധ്യാപികയെ നിയമിച്ച് ഉത്തരവിട്ടിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗം ബി.പ്രതാപനും വിരമിച്ച ഹെഡ്മാസ്റ്റർ കെ.വി. അനിൽ കുമാറും ചേർന്ന് പ്രവീണയെ സ്വീകരിച്ചു.
മടവൂർ ഗവ: എൽപിഎസിൽ നിന്നാണു പ്രവീണ മേത്തോട്ടി സ്കൂളിലേക്ക് സ്ഥലം മാറിയെത്തിയത്. ഏതാണ്ട് 72 കിലോ മീറ്റർ ദൂരം താണ്ടി വേണം മേത്തോട്ടിയിലെത്താൻ. പുതിയ അധ്യാപിക വന്നതറിഞ്ഞു സ്കൂളിലെ ഏക വിദ്യാർഥിയായ എ.എസ്. സുഖിലും സ്കൂളിലെത്തി. അടച്ചു പൂട്ടലിന്റെ വക്കിലുള്ള സ്കൂൾ സംരക്ഷിക്കാൻ അവസാനത്തെ ശ്രമമെന്ന നിലയ്ക്കാണു ബന്ധു കൂടിയായ സുഖിലിനു പ്രവേശനം നൽകിയതെന്നു ബി. പ്രതാപൻ പറഞ്ഞു. ഒരു കാലത്തു നൂറിലേറെ വിദ്യാർഥികൾ ഉണ്ടായിരുന്ന സ്കൂളിൽ കൂടുതൽ വിദ്യാർഥികളെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് .