തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
Mail This Article
വിഴിഞ്ഞം∙ ആഴിമലയിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വ രാത്രി അപകടത്തിൽപ്പെട്ട കാട്ടാക്കട കണ്ടല അഴകം കാട്ടുവിള രാകേഷ് ഭവനിൽ ടി.രാകേന്ദിന്റെ (മുത്തു–27) മൃതദേഹം അപകടസ്ഥലത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്.അഞ്ചംഗ സുഹൃത് സംഘത്തിനൊപ്പം എത്തിയ രാകേന്ദ് തിരയിൽ പെടുകയായിരുന്നു.
വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ട് ഇന്നലെ പുലർച്ചെ വരെ നീണ്ട തുടർച്ചയായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ എസ്എച്ച്ഒ കെ.പ്രദീപ്, എസ്ഐ എസ്. ഗിരീഷ്കുമാർ, ജിഎസ്ഐ ടി.ബിനു, സിപിഒ പ്രിന്റോ ഫ്രാൻസിസ്, ജോൺ പോൾ രാജ്, കോസ്റ്റൽ വാർഡന്മാരായ എസ്.സിയാദ്, എസ്.കിരൺ ,എ.ഡയോൺ, ബോട്ട് ജീവനക്കാരായ എ.നിസാം, എസ്.ശ്യാംകുമാർ എന്നിവർ തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു.
നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. രാകേന്ദിനൊപ്പം ബന്ധു അനിൽകുമാറും തിരയിൽപ്പെട്ടുവെങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. രാകേന്ദിന്റെ ഭാര്യ: ഐശ്വര്യ. മക്കൾ: ആംബ്രോസ്, ആദവ്.