ഇതെന്റെ ആത്മകഥയല്ല, ദിവാകരന്റേത്: പിണറായി
Mail This Article
തിരുവനന്തപുരം ∙ സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥയിൽ പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു സ്വീകാര്യമാണോ എന്ന ചർച്ചയ്ക്കു പ്രസക്തിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു തന്റെ ആത്മകഥയല്ല, സി.ദിവാകരന്റേതാണ്. ദിവാകരന്റെ കാഴ്ചപ്പാടും വിലയിരുത്തലുമാണ് അവതരിപ്പിക്കുന്നത്. അതു തനിക്കു സ്വീകാര്യമാണമെന്നു നിഷ്കർഷിക്കുന്നതിൽ അർഥമില്ല.
രണ്ടുദിവസമായി ചിലർ ഈ പുസ്തകത്തെ മുൻനിർത്തി വിവാദമുണ്ടാക്കുന്നതുകൊണ്ടാണ് ഇതു പറയുന്നതെന്ന്, ദിവാകരന്റെ ആത്മകഥ ‘കനൽ വഴികളിലൂടെ’ പ്രകാശനം ചെയ്തുകൊണ്ടു പിണറായി പറഞ്ഞു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരുത്താൻ ഗൂഢാലോചന നടന്നെന്ന ചിന്ത വി.എസ്.അച്യുതാനന്ദനെ അലട്ടിയെന്നും 500നും ആയിരത്തിനും ഇടയിൽ വോട്ടിന് എൽഡിഎഫിനു നാലു സീറ്റ് നഷ്ടമായതിലെ രാഷ്ട്രീയ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നുണ്ടെന്നും ദിവാകരന്റെ പുസ്തകത്തിൽ പരാമർശിച്ചിരുന്നു.
ആത്മകഥയായതുകൊണ്ടു പുസ്തകത്തിൽ എഴുതിയതിന്റെയെല്ലാം പൂർണ ഉത്തരവാദിത്തം ദിവാകരനാണെന്നു പുസ്തകം ഏറ്റുവാങ്ങിക്കൊണ്ടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴുള്ള വിൽപന തന്ത്രം പ്രസിദ്ധീകരണശാല നടത്തുന്ന ദിവാകരനറിയാമെന്നു പുസ്തകത്തിലെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കാനം പറഞ്ഞു. പ്രകാശനച്ചടങ്ങിന് എങ്ങനെ മുഖ്യമന്ത്രിയെ വിളിച്ചുവെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ എങ്ങനെ കയറാൻ പറ്റിയെന്നും ചിലർ തന്നോടു ചോദിച്ചതായി ദിവാകരൻ പറഞ്ഞു. കയറ്റിയില്ലെങ്കിൽ മതിൽ ചാടി അകത്തുകടക്കുന്നയാളാണു താനെന്ന് അവർക്കു മറുപടി നൽകിയെന്നും ദിവാകരൻ പറഞ്ഞു.
സിപിഐ നേതാവ് സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, ഡോ.ജോർജ് ഓണക്കൂർ, പ്രഫ.ജി.എൻ.പണിക്കർ, വി.ഡി.ശെൽവരാജ്, ഡോ.വള്ളിക്കാവ് മോഹൻദാസ്, പ്രഫ.എം.ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.