തിരുവനന്തപുരം ∙ വഞ്ചിയൂർ ഗവ ഹൈസ്കൂളിൽ യഥാർഥ പ്രവേശനോത്സവം ‘ഇന്നാണ്’. കാരണം സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ ഒരേ ഒരു വിദ്യാർഥി ഇന്നാണ് ക്ലാസിൽ എത്തുക. വർഷങ്ങളായി വഞ്ചിയൂരിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശികളുടെ മകൾ ലുങ്കി ആണ് സ്കൂളിലെ നവാഗത.
ലുങ്കി ദിവസങ്ങൾക്കു മുൻപേ സ്കൂളിലെത്തി ഒന്നാം ക്ലാസിൽ ചേരാനുള്ള അപേക്ഷകളെല്ലാം സമർപ്പിച്ചു. എന്നാൽ ഇന്നലെ പ്രവേശനോത്സവത്തിന് എത്താതിരുന്നപ്പോൾ അധ്യാപകർ ആശങ്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയന സമയം അവസാനിക്കുന്നതിന് മുൻപ് മാതാപിതാക്കൾക്കൊപ്പം അവൾ സ്കൂളിലെത്തി. അധ്യാപകർ ഒന്നാം ക്ലാസിലെ പാഠപുസ്തകങ്ങൾ ലുങ്കിക്ക് നൽകി.
ചെറുകിട കച്ചവടത്തിനായി വർഷങ്ങൾക്കു മുൻപ് രാജസ്ഥാനിൽ നിന്ന് വഞ്ചിയൂരിൽ എത്തി താമസമാക്കിയവരാണ് ലുങ്കിയുടെ രക്ഷിതാക്കൾ. ലുങ്കി ജനിച്ചതും തലസ്ഥാനത്ത്. നന്നായി മലയാളം പറയും.പത്തു വരെ ക്ലാസുകളിലായി ആകെ 25 വിദ്യാർഥികളാണ് സ്കൂളിൽ അധ്യയനം നടത്തുന്നത്.