മന്ത്രിമാരോടല്ലേ ഉദ്യോഗസ്ഥർ പറഞ്ഞത്? മന്ത്രിമാരല്ലേ നമ്മളോടു പറഞ്ഞത്? പറഞ്ഞുപറ്റിച്ചല്ലോ!

road-issue
(1) താലൂക്ക് ഓഫിസ് റോഡ് (2) അയ്യാ വാധ്യാർ സ്ട്രീറ്റ് (3) ദീക്ഷിതർ സ്ട്രീറ്റ് (4) പത്മ നഗർ റോഡ്
SHARE

തിരുവനന്തപുരം ∙ ദാ.. ഇതാണ് ആ റോഡുകൾ. 3 മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ 30 ന് മുൻപ് ഗതാഗത യോഗ്യമാക്കുമെന്ന് സ്മാർട്ട് സിറ്റി അധികൃതർ വീമ്പിളക്കിയ റോഡുകൾ. സൈക്കിൾ പോയിട്ട് കാൽനട യാത്ര പോലും ദുസ്സഹമായ റോഡുകളുടെ പുനർ നിർമാണം അടുത്ത 30ന് എങ്കിലും തീരുമെന്ന് ഉറപ്പില്ല. മറ്റന്നാൾ കാലവർഷം എത്തുമെന്ന മുന്നറിയിപ്പിലാണ് ഇനി അധികൃതരുടെ "പ്രതീക്ഷ". മഴയെ പഴിചാരി റോഡു പണി എത്ര വേണമെങ്കിലും നീട്ടാമല്ലോ. ഉദ്യോഗസ്ഥർ പറ‍ഞ്ഞ വാക്ക് പാലിച്ചോ എന്നു ചോദിക്കാൻ ഒരു മന്ത്രിക്കെങ്കിലും സമയമുണ്ടാകുമോ?

സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ഏറ്റെടുത്ത റോഡുകളാണ് കഴിഞ്ഞ മാസം 30ന് മുൻപ് പൂർണമായും ഗതാഗത യോഗ്യമാക്കുമെന്ന് പ്രഖ്യാപനമുണ്ടായത്. എല്ലാ റോഡുകളും ഫോർട്ട് വാർഡിൽ ഉള്ളവ. മാസങ്ങൾക്കു മുൻപ് എങ്ങനെ ആയിരുന്നോ അതേ അവസ്ഥയിലാണ് ഇപ്പോഴും മിക്ക റോഡുകളും. ഒരാഴ്ചയ്ക്കകം പണി പൂർത്തിയാക്കുമെന്നാണ് പുതിയ വാഗ്ദാനം. എന്നാൽ ഞായറാഴ്ച കാലവർഷം എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സ്മാർട്ട് സിറ്റി അധികൃതരുടെ വാക്ക് പഴയ ചാക്കിന്റെ അവസ്ഥയിലാകുമെന്ന് ഉറപ്പ്.

താലൂക്ക് ഓഫിസ്  റോഡ്

താലൂക്ക് ഓഫിസ് റോഡ്.
താലൂക്ക് ഓഫിസ് റോഡ്.

മുൻപ് നടന്നെങ്കിലും പോകാമായിരുന്ന റോഡാണിത്. ഓട നിർമാണം പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ മെറ്റൽ നിരത്തിയിരിക്കുന്നതിനാൽ കാൽനട യാത്ര പോലും ദുസ്സഹം. പടിഞ്ഞാറേ കോട്ട വഴി എളുപ്പത്തിൽ താലൂക്ക് ഓഫിസ്, കോർപറേഷൻ ഫോർട്ട് സോണൽ ഓഫിസ്, ട്രാൻസ്പോർട്ട് ഓഫിസ് തുടങ്ങിയ ഇടങ്ങളിലേക്കു പോകാനുള്ള റോഡ് പൊളിച്ചിട്ട് മാസങ്ങളായി. നിലവിൽ അട്ടക്കുളങ്ങര വഴി ചുറ്റിയാണ് ജനം ഈ ഓഫിസുകളിലേക്കും കിഴക്കേ കോട്ടയിലേക്കും പോകുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ മെറ്റൽ നിരത്തി റോഡ് ലവൽ ചെയ്തു കഴിഞ്ഞാൽ ടാറിങ് ആരംഭിക്കുമെന്നാണ് അധികൃതരുടെ പുതിയ വാഗ്ദാനം.

തമ്മനം സ്ട്രീറ്റ്, ദീക്ഷിതർ സ്ട്രീറ്റ്

ദീക്ഷിതർ സ്ട്രീറ്റ്.
ദീക്ഷിതർ സ്ട്രീറ്റ്.

മാസങ്ങൾക്കു മുൻപ് കണ്ട അതേ അവസ്ഥയിലാണ് രണ്ടു തെരുവുകളിലേക്കുള്ള റോഡുകൾ. കേബിളുകൾ ഭൂമിക്കടിയിലാക്കാൻ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും അവ യോജിപ്പിച്ചിട്ടില്ല. ആദ്യം പാകിയ ടൈൽസുകൾ ഇളക്കി റോഡിന്റെ വശങ്ങളിലേക്ക് മാറ്റിവച്ചിരിക്കുന്നു. കാറുകൾക്കു പോലും സുഗമമായി കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. ആർക്കെങ്കിലും അത്യാഹിതമുണ്ടായാൽ ചുമന്ന് പ്രധാന റോഡിൽ എത്തിക്കേണ്ട അവസ്ഥയാണെന്ന് തെരുവിലെ താമസക്കാർ പറയുന്നു.

അയ്യാ വാധ്യാർ സ്ട്രീറ്റ്

അയ്യാ വാധ്യാർ സ്ട്രീറ്റ്.
അയ്യാ വാധ്യാർ സ്ട്രീറ്റ്.

തെക്കേ കോട്ട നിന്ന് അയ്യാ വാധ്യാർ തെരുവിലേക്കുള്ള റോഡ് പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഓടയിൽ സ്ലാബ് സ്ഥാപിക്കുന്ന പണികളാണ് പുരോഗമിക്കുന്നത്. ഓട നിർമിക്കാനായി കുഴിച്ച മണ്ണ് റോഡിന്റെ മധ്യഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നതിനാൽ യാത്ര ദുസ്സഹം. താലൂക്ക് ഓഫിസ്– വാഴപ്പള്ളി റോഡു വഴി ചുറ്റിയാണ് താമസക്കാർ സ്വന്തം വീടുകളിലെത്തുന്നത്. കേബിളുകൾ സ്ഥാപിക്കാനായി ഇളക്കി മാറ്റിയ ടൈൽസുകളും പൂർവ സ്ഥിതിയിലാക്കിയിട്ടില്ല.

പത്മ നഗർ 1, 2  റോഡുകൾ

പത്മ നഗർ റോഡ്.
പത്മ നഗർ റോഡ്.

റോഡ് നവീകരണത്തിനു മുന്നോടിയായി നിർമിച്ച ഓടയിൽ മൂടികൾ സ്ഥാപിച്ചത് ഒഴിച്ചാൽ കാര്യമായ പുരോഗതി പത്മ നഗർ റോഡിന്റെ നിർമാണത്തിലും ഇല്ല. ഗതാഗത യോഗ്യമാണെങ്കിലും വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിക്കുന്നതു കാരണമുള്ള അപകടങ്ങൾ നിത്യസംഭവം.

ശ്രീമൂലം റോഡ്

മെറ്റൽ പാകിയതോടെ പണി കഴിഞ്ഞു എന്ന അവസ്ഥയിലാണ് റോഡ്. നവീകരണം മീറ്ററുകൾ മാത്രമേ ഉള്ളൂവെങ്കിലും നടപടിയില്ല.   റോഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതു കൊണ്ടാണ് പണി നടത്താത്തതെന്നാണ് സ്ഥലവാസികളുടെ ആരോപണം. തമിഴ് സ്കൂൾ ലെയ്ൻ റോഡ്, കല്ലംപള്ളി സ്ട്രീറ്റ് റോഡുകളും മാസങ്ങൾക്കു മുൻപത്തെ അതേ അവസ്ഥയിലാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS