ADVERTISEMENT

ദുരന്തത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട രവികുമാറിന്റെ വാക്കുകൾ
‘മുങ്ങിത്താഴുന്ന ആ കുഞ്ഞുങ്ങളുടെ മുഖം....’

മലയിൻകീഴ് ∙ ‘അതൊരു ദുരന്തയാത്രയായിരുന്നു. ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ. വെള്ളത്തിൽ മുങ്ങിത്താഴുന്ന അവരുടെ മുഖങ്ങൾ. കണ്ണടച്ചാൽ തെളിയുന്നത് ആ കുട്ടികളുടെ ചിരിക്കുന്ന മുഖങ്ങളാണ്’–ഊരൂട്ടമ്പലം നിരപ്പുകോണം ‘തരംഗിണി’യിൽ ജെ.രവികുമാറിന്റെ(69) വാക്കുകൾ. മരണപ്പാളത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട രവികുമാർ ദുരന്തക്കാഴ്ചകൾ ഓർത്തെടുക്കുന്നു.

തിരുവിയം, കെ.സി.തങ്കപ്പൻനായർ
തിരുവിയം, കെ.സി.തങ്കപ്പൻനായർ

‘എനിക്കൊപ്പമായിരുന്നു ആ കുടുംബം യാത്ര ചെയ്തിരുന്നത്. തിരുവല്ലയിൽ നിന്നു ടിക്കറ്റ് എടുത്ത് ഐലൻഡ് എക്സ്പ്രസിനായി കാത്തിരിക്കുന്നതിനിടെയാണ് കൊല്ലത്തേക്കു പോകാൻ 3 മക്കളുമായി എത്തിയ കുടുംബത്തെ പരിചയപ്പെട്ടത്. കുട്ടികൾക്കൊപ്പം കുശലം പറഞ്ഞു. ട്രെയിൻ വന്നപ്പോൾ തിരക്കിനിടയിൽ ഞാനും ആ കുടുംബവും വേറെ കംപാർട്മെന്റുകളിലായി. ഞാൻ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. ട്രെയിൻ ആടി ഉലയുന്നതായി അനുഭവപ്പെട്ടപ്പോൾ എഴുന്നേറ്റു. ഉഗ്രശബ്ദത്തോടെ ബോഗികൾ കായലിൽ പതിക്കുന്നതാണ് കണ്ടത്. ആരൊക്കെയോ ചേർന്ന് രക്ഷപ്പെടുത്തി.

thalakkuri-peruman-train-accident

വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെ ഞാൻ കണ്ടു. ആശുപത്രിയിൽ ബോധം വന്നപ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് ആ കുട്ടികളെക്കുറിച്ചായിരുന്നു. ആർക്കും അറിവുണ്ടായിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എന്നെ മാറ്റിയപ്പോൾ പത്രത്തിലൂടെ ദുരന്ത വാർത്ത അറിഞ്ഞു. 3 കുട്ടികളിൽ 2 പേരും അമ്മയും ദുരന്തത്തിൽ മരിച്ചെന്ന്... പിന്നീട് കുടുംബത്തെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല– രവികുമാർ പറഞ്ഞു.

peruman-train-accident-2

‘ബോഗിയിൽ പിടിച്ചു കിടന്ന് രക്ഷപ്പെട്ടു...’

‘കായലിലേക്ക് താഴ്ന്നു പോയ ബോഗിയിൽ ഒരു മണിക്കൂറോളം പിടിച്ചു കിടന്നതിനാൽ ഞാൻ രക്ഷപ്പെട്ടു. എന്റെ കൈയ്ക്കാണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവു കൂടിയായപ്പോൾ പിന്നീട് ജോലിക്കു പോകാനായില്ല. ശസ്ത്രക്രിയയ്ക്കിടെ ഒരു കഷണം തുണികൂടി ചേർത്താണ് തുന്നിക്കെട്ടിയത്. പിന്നീട് പുണെയിലെ സൈനിക ആശുപത്രിയിൽ എത്തിയാണ് ഇത് പരിഹരിച്ചത്. തുടർന്ന് മെഡിക്കൽ ബോർഡിന്റെ തീരുമാന പ്രകാരം സൈന്യത്തിൽ നിന്നു പിരിഞ്ഞു’. ബാലരാമപുരം വണികർ തെരുവ് രുഗ്മിണി നിവാസിൽ തിരുവിയം പറയുന്നു.

peruman-train-accident-3

ഗോവയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് പെരുമണിൽ അപകടത്തിൽപ്പെട്ടത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും മറ്റും പല ജോലികൾ ചെയ്തുവരികയാണ്. ഇപ്പോൾ ഗവ.പ്രസിലാണ്. ഇനി രണ്ടുവർഷം കൂടി സർവീസുണ്ട് .

കണ്ണീർതോരാതെ ഈ കുടുംബങ്ങൾ

∙ സൈന്യത്തിൽ ഓണററി ക്യാപ്റ്റനായി വിരമിച്ച ശേഷം നാട്ടിലെത്തി ആറു മാസം പിന്നിടുമ്പോഴാണ് കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് അനില വിഹാറിൽ കെ.സി.തങ്കപ്പൻ നായരെ ദുരന്തം തട്ടിയെടുത്തത്. റെയിൽവേ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയതായി പേരൂർ എംഎംയുപിഎസ് അധ്യാപികയും തങ്കപ്പൻ നായർ–പരേതയായ തുളസിഭായി അമ്മ ദമ്പതികളുടെ ഇളയമകളുമായ ടി.ടി. സുനില റാണി പറഞ്ഞു.
∙ ശ്രീകാര്യത്തുള്ള വീട്ടിൽ നിന്നുമാണ് ശാസ്താംകോട്ട ഡി.ബി.കോളജിലേക്ക് പ്രഫ.പത്മനാഭൻ നായർ പതിവായി പോകുന്നത്. യാത്ര പലപ്പോഴും ബസിലായിരുന്നു. പതിവു തെറ്റിച്ച് യാത്ര നേരത്തെയാക്കിയതും, ട്രെയിനിൽ കയറിയതും മരണത്തിലേക്കുള്ള യാത്രയായി.
∙ നെയ്യാറ്റിൻകരയ്ക്കടുത്ത് ചെറുപ്പണംകോട് ലക്ഷംവീട് കോളനിയിൽ വള്ളിയമ്മയും ദുരന്തത്തിനിരയായി.
∙ നേവിയിൽ കമ്മിഷന്റ് റാങ്കിൽ സിലക്ഷൻ കിട്ടിയതിന്റെ സന്തോഷത്തോടെ ബെംഗളൂരുവിൽ നിന്നു ഇന്റർവ്യൂവിനു ശേഷം മടങ്ങിയ കവടിയാൽ ലക്ഷ്മിവിലാസിൽ നന്ദകുമാറും ട്രെയിനപകടത്തിൽ മരിച്ചു. എൻജിനീയറിങ് പാസായ ശേഷമുള്ള ആദ്യ ഇന്റർവ്യൂവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com