കാൽ ഒടിഞ്ഞ് ബോഗികൾക്ക് ഇടയിൽപ്പെട്ടിട്ടും ജീവൻ തിരിച്ചു കിട്ടിയ വാസുദേവൻ പറയുന്നു...; എന്നെ അൺഫിറ്റാക്കിയ ദുരന്തം

Mail This Article
നെയ്യാറ്റിൻകര ∙ ‘എന്നെ ‘അൺഫിറ്റ്’ ആയി മുദ്രകുത്തിയത് ആ ട്രെയിൻ അപകടമാണ്. പെരുമൺ ദുരന്തത്തിൽ കാൽ ഒടിഞ്ഞ് ബോഗികൾക്ക് ഇടയിൽ പെട്ടു പോയിട്ടും ഭാഗ്യം കൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടി. പക്ഷേ, പരുക്കുകൾ ഭേദപ്പെട്ട് തിരികെ സൈനിക സേവനത്തിനായി എത്തിയപ്പോൾ അൺ ഫിറ്റ് ആണെന്നു പറഞ്ഞ് സൈന്യം മടക്കി. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊക്കെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല..’–മഞ്ചവിളാകം മലയിൽക്കട മണലുവിള ശ്രീദേവിൽ വാസുദേവൻ (56) പറയുന്നു.
‘ഇന്ത്യൻ ആർമി സിഗ്നൽ കോറിൽ വയർലെസ് ഓപ്പറേറ്ററായി ഗോവയിൽ ജോലി നോക്കുന്ന സമയം. അവധിക്ക് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഗോവയിൽ നിന്ന് ബെംഗളൂരുവിൽ എത്തി. അവിടെ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. കാലുകളിൽ ഒന്നിൽ എല്ലു പൊട്ടിയതു കാരണവും മറ്റേ കാലിൽ ഗുരുതര പരുക്കേറ്റതു കാരണവും നീന്താനായില്ല. വള്ളത്തിൽ എത്തിയ നാട്ടുകാരാണ് രക്ഷിച്ചത്.