ADVERTISEMENT

വെള്ളറട∙ആറാട്ടുകുഴി കൂതാളി റോഡിൽ വെട്ടുകുറ്റിക്ക് സമീപം കാലങ്ങളായി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തി. ചെറിയ മഴ പെയ്താൽപോലും ഇവിടെ വെള്ളക്കെട്ട് പതിവാണ്. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ ടാറിങ് തകർന്ന് കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കെട്ടിനിൽക്കുന്ന മഴവെള്ളം താണ്ടി പോകാൻ ശ്രമിക്കുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട് യാത്രികർ അപകടത്തിൽപെടുന്നതും പതിവായി. 

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെട്ടു. 3 വർഷം മുൻപാണ് റോഡ് അവസാനം അറ്റകുറ്റപ്പണി ചെയ്തത്. കൂതാളി വാർഡ്  മെമ്പർ വെള്ളരിക്കുന്ന് ഷാജി, പന്നിമല വാർഡ്മെമ്പർ എസ്.ജയന്തി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ സമരം നടത്തിയത്. ഇതിനിടെ സമരത്തെ രാഷ്ട്രീയവൽക്കരിക്കാൻ സിപിഎം ഏരിയകമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമം സമരക്കാർ പരാജയപ്പെടുത്തി. സമരം അറിഞ്ഞെത്തിയ വെള്ളറട പൊലീസ് വെള്ളരിക്കുന്ന് ഷാജിയെ അറസ്റ്റ് ചെയ്തു.

സമരക്കാരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.  ആവശ്യത്തിന് വനിതപൊലീസ് ഇല്ലായിരുന്നതിനാൽ സ്ത്രീ സമരക്കാരെ അറസ്റ്റ് ചെയ്തില്ല. ഒടുവിൽ പൊലീസും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ 5 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കാണുമെന്ന ഉറപ്പ് ലഭിച്ചു. തുടർന്ന് സമരക്കാർ പിരിഞ്ഞു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ സമരം തുടരുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com