ADVERTISEMENT

തിരുവനന്തപുരം ∙ ഇടുക്കിയെയും തമിഴ്നാടിനെയും വിറപ്പിച്ച അരിക്കൊമ്പനെ തമിഴ്നാട് തിരു‍നെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ടതോടെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തുള്ളവർ ആശങ്കയിൽ. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയാർ, ആനനിർത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും.

ആനനിർത്തിയിലൂടെ ഒറ്റ രാത്രി കൊണ്ട് അരിക്കൊമ്പൻ എന്ന കാട്ടാനയ്ക്ക് നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ‌ചൂണ്ടിക്കാട്ടുന്നു. മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്ന് കാരയാറും ക്ടാവെട്ടിപ്പാറയും പേയാറും പാണ്ടിപ്പത്തും, കല്ലാർ–ബോണക്കാടും താണ്ടി വിതുരയിലെത്താൻ അരദിവസം മതി.

കേരള–തമിഴ്നാട് അതിർത്തി പ്രദേശമായ ആനനിർത്തിയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിർത്തികടക്കൽ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. നെയ്യാർ വനമേഖലയുടെ ഒരു ഭാഗത്തും ജനവാസമേഖലകൾ കൂടുതലാണ്. ആനനിർത്തിയിലെ റബർ തോട്ടങ്ങൾ വൻതോതിൽ മുറിച്ചതിനാൽ ഇവിടം കാടിനു സമാനമാണ്.

തിരുവനന്തപുരത്തു നിന്നും 152 കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടൻതുറൈ കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യമല ബയോളജിക്കൽ റിസർവിന്റെ ഭാഗം കൂടിയാണ് ഇത്. ഉൾവനത്തിൽ തുറന്നു വിട്ടാലും ജനവാസമേഖലയിലേക്ക് കാട്ടാന വരുമെന്ന് തെളിഞ്ഞതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ സ്ഥിരീകരിക്കുമ്പോൾ അരിക്കൊമ്പൻ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാനുള്ള സാധ്യതകളും കൂടുതലാണ്.

പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. ഒരു ദിവസം 40 മുതൽ 100 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകും കാട്ടാനകൾക്ക്. കാട്ടാക്കടയ്ക്കു സമീപം കുറ്റിച്ചൽ പഞ്ചായത്തിൽപ്പെട്ട പരുത്തിപ്പള്ളി റേഞ്ചിൽ അരിക്കൊമ്പൻ എത്താനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു.

അഗസ്ത്യാർ വനമേഖല ഭാഗത്ത് ചെങ്കുത്തായ പ്രദേശങ്ങളുള്ളതിനാൽ ഇതു വഴി നെയ്യാറിലെത്താൻ അരിക്കൊമ്പന് ബുദ്ധിമുട്ടുകളേറെയായിരിക്കുമെന്ന് മുൻ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഇ.കെ.ഈശ്വരൻ പറയുന്നു. അതേസമയം, നാഗർകോവിൽ മേഖലയിലെ മലനിരകൾക്ക് അധികം ഉയരമില്ല.

ഇവിടെ തോട്ടം മേഖല കൂടുതലാണ്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്കു സമീപത്തു വച്ചാണ് ഇന്നലെ പുലർച്ചെ അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട് വനം വകുപ്പ് പിടികൂടിയ ശേഷം മണിമുത്താർവനമേഖലയിൽ തുറന്നു വിട്ടത്.

∙ 20 കടുവകൾ

കടുവാസങ്കേതമായ മുണ്ടൻതുറൈയിൽ നിലവിൽ 20 കടുവകളുണ്ടെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ കണക്ക്. കടുവകൾ കാട്ടാനകളെ ആക്രമിച്ച സംഭവങ്ങൾ പലതവണ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ മണിമുത്തരു വനമേഖലയ്ക്കുള്ളിൽ കടുവകളുടെ ‘കൂടി’ലേക്കാണ് അരിക്കൊമ്പനെ തുറന്നു വിടുന്നത്.

മുണ്ടൻതുറൈ കടുവ സങ്കേതം

കൊല്ലം ജില്ലയിലെ തെന്മല ശെന്തുരുണി വന്യമ‍ൃഗ സങ്കേതത്തിന്റെ അയൽക്കാരനാണ് അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിനു കീഴിലെ മുണ്ടൻതുറൈ കടുവസങ്കേതം. തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെ തെക്കൻ പശ്ചിമഘട്ടത്തിലാണ് മുണ്ടൻതുറൈ സങ്കേതം.തിരുനെൽവേലി ജില്ലയിലെ കടുവാ സങ്കേതം.

567 കിലോ മീറ്റർ ദൈർഘ്യമുള്ള മുണ്ടൻതുറൈ വന്യജീവി സങ്കേതവും 251 കിലോമീറ്റർ വിസ്തൃതിയുള്ള കളക്കാട് വന്യജീവി സങ്കേതവും സംയോജിപ്പിച്ച് 1988-ലാണ് മുണ്ടൻതുറൈ കടുവ സങ്കേതം ആരംഭിച്ചത്. രാജ്യത്തെ 17-ാമത് ടൈഗർ റിസർവാണിത്. മേഖലയിൽ 14 നദികളും അരുവികളുമുണ്ട്.

ഈ നദികളിൽ നിന്നാണ് തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്നത്. മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ 37 ഉഭയജീവികളും 81 ഉരഗങ്ങളും 150 പ്രാദേശിക സസ്യങ്ങളും 33 മത്സ്യങ്ങളും 77 സസ്തനികളും 273 പക്ഷികളും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com