ADVERTISEMENT

തിരുവനന്തപുരം ∙ ചാല മാർക്കറ്റിന്റെ ഭാഗമായ ആര്യശാലയിലെ കെമിക്കൽസ് ഗോഡൗണിൽ വൻ അഗ്നിബാധ. 5 കടകൾ പൂർണമായി കത്തിനശിച്ചു. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും അടിയന്തര രക്ഷാപ്രവർത്തനം കാരണം മറ്റു കടകളിലേക്കു തീ പടർന്നില്ല. സംഭവ സമയത്തു വൈദ്യുതി വിതരണം ഇല്ലാതിരുന്നതും വൻ അപകടം ഒഴിവാക്കി. ബ്ലീച്ചിങ് പൗഡറിൽ നിന്നാണു തീ ഉയർന്നതെന്നു സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. രണ്ടു കോടി രൂപയ്ക്കു മുകളിൽ നാശനഷ്ടം ഉണ്ടായിരിക്കാമെന്നാണു പ്രാഥമിക നിഗമനം.

ഇന്നലെ വൈകിട്ട് 5ന് ആണ് ചാല മാർക്കറ്റിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ അഗ്നിബാധ ഉണ്ടായത്. ചാല സ്വദേശിയായ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ശിവകുമാർ കെമിക്കൽസിലാണു തീ പിടിച്ചത്. മുകളിലേക്കു പുക ഉയരുന്നതു കണ്ടു പരിഭ്രാന്തരായി നാട്ടുകാർ ഓടിക്കൂടി.

aryashala-fire
തിരുവനന്തപുരം ആര്യശാല ദേവി ക്ഷേത്രത്തിനു സമീപത്തെ കടകൾക്ക് തീപിടിച്ചപ്പോൾ അഗ്നി രക്ഷാസേന തീയണയ്ക്കാൻ ശ്രമിക്കുന്നു. ചിത്രം: മനോരമ

പിവിസി വാതിലുകൾ വിൽക്കുന്ന സായി ട്രേഡേഴ്സ്, ശ്രീകൃഷ്ണ ഇലക്ട്രിക്കൽസ്, ശ്രീകണ്ഠേശ്വര പവർ ടൂൾസ് എന്നീ കടകളും ഈ കെട്ടിടത്തിനു പിന്നിൽ പവർ ടൂൾസ് റിപ്പയർ ചെയ്യുന്ന കടയുമാണ് അഗ്നിക്കിരയായത്. ഈ കോപ്ലക്സിലേക്കു കയറുന്നതിന്റെ വലതുഭാഗത്തു നൂറ്റാണ്ടോളം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂരിയിലേക്കും തീ പടർന്നു. 

ശിവകുമാർ കെമിക്കൽസിൽ നിന്നു പുക കണ്ട ഉടൻ തൊഴിലാളികൾ പുറത്തേക്ക് ഓടി. മറ്റു കടകളിൽ ഉണ്ടായിരുന്ന ഉടമകളും തൊഴിലാളികളും നിമിഷങ്ങൾക്കകം റോഡിലേക്ക് ഓടി മാറിയതിനാൽ ആളപായം ഉണ്ടായില്ല. പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. ഇതിനിടെ ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്നു 2 യൂണിറ്റ് എത്തി തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു.

കോംപ്ലക്സിനു മുന്നിൽ ഇരുന്ന 3 ബൈക്കുകൾ പൂർണമായി കത്തി നശിച്ചു. രക്ഷാപ്രവർത്തകർ ഒരു ബൈക്ക് വലിച്ചിഴച്ച് റോഡിൽ എത്തിച്ചു. കനത്ത പുക ഉയർന്നതോടെ സംഭവം അറിയാതെ നഗരമാകെ വിറങ്ങലിച്ചു. ബ്ലീച്ചിങ് പൗഡർ മുതൽ എലിവിഷത്തിനു വരെ തീ പിടിച്ചതോടെ സമീപത്തെ ആളുകൾക്കു ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ പൊലീസ് എത്തി സംഭവസ്ഥലത്തു നിന്ന ആളുകളെ ദൂരേക്കുമാറ്റി. 

ആര്യശാലയിൽ നിന്നു ചാലയിലേക്കുള്ള റോഡിൽ കോംപ്ലക്സ് ഉൾഭാഗത്താണു സ്ഥിതി ചെയ്യുന്നത്. അതിനാൽ തീ അണയ്ക്കാൻ അഗ്നിരക്ഷാ സേനയ്ക്കു ബുദ്ധിമുട്ടുണ്ടായി. ഒടുവിൽ സമീപത്തെ കെട്ടിടങ്ങളിൽ കയറി നിന്നാണു താഴേക്കു വെള്ളം ചീറ്റിയത്. ആറുമണിയോടെ മഴ ആരംഭിച്ചതു രക്ഷാപ്രവർത്തനത്തിനു തുണയായി. ഒരു മണിക്കൂറോളം മഴ പെയ്തപ്പോൾ തീയടങ്ങുകയായിരുന്നു.

മാലിന്യത്തിൽ നിന്ന് തീപടർന്നോ?

∙ ആര്യശാലയിലെ അഗ്നിബാധയ്ക്കു കാരണം മാലിന്യത്തിൽ നിന്നുള്ള തീയാണെന്നു സംശയം ഉയർന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷിക്കും. അഗ്നിബാധ ഉണ്ടായ കോംപ്ലക്സിനു സമീപം രാത്രിയും പകലും പ്ലാസ്റ്റിക്കും ഭക്ഷണപ്പൊതികൾ ഉൾപ്പെടെയുള്ള മറ്റു മാലിന്യങ്ങളും ചെറിയ കൂനകൂട്ടി കത്തിക്കാറുണ്ടെന്നു സമീപവാസികൾ പൊലീസിനോടു പറ‍ഞ്ഞ‍ു. മാലിന്യത്തിൽ നിന്നു തീ പിടിച്ചതാണോ അഗ്നിബാധയ്ക്കു കാരണമെന്നു പ്രത്യേകം പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രഖ്യാപനം മാത്രം; ഫയർ യൂണിറ്റില്ല

∙ ചാലയിലെ അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥാപിക്കാനുള്ള അപേക്ഷകൾക്കു തീ പിടിച്ചാൽ മതി, ചാലയാകെ ചാമ്പലാകാൻ. അത്രയ്ക്കു നിവേദനങ്ങളാണു സർക്കാരിനു നൽകിയത്. പക്ഷേ, ഉടൻ വരുമെന്നു പറയുന്നതല്ലാതെ യൂണിറ്റ് മാത്രം എത്തിയിട്ടില്ല. ഇടയ്ക്കിടെ അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ യൂണിറ്റ് സ്ഥാപിക്കാനുള്ള സ്ഥലം അന്വേഷിച്ച് എത്തും.വ്യാപാരികൾ യോജ്യമായ സ്ഥലം കണ്ടുപിടിച്ചാൽ മികച്ച സ്ഥലമാണെന്ന് ഉദ്യോഗസ്ഥരും പറയും. പക്ഷേ, റിപ്പോർട്ടിൽ അതൊന്നും കാണില്ല. ഏഴു വർഷത്തിനിടെ 12ാമത്തെ വലിയ അഗ്നിബാധയാണ് ഇന്നലെ ഉണ്ടായതെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് വി.എൽ.സുരേഷ് പറഞ്ഞു.

ഫയർ ഹൈഡ്രന്റ് പദ്ധതി ആവിയായി

∙ ചാലയെ അഗ്നി വിഴുങ്ങാതെ കാത്തുരക്ഷിക്കാൻ സ്ഥാപിച്ച ജല കവചം എവിടെ? അതെ, ഫയർ ഹൈഡ്രന്റ് തന്നെ. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചതു ജല അതോറിറ്റി സ്ഥാപിച്ച ഫയർ ഹൈഡ്രന്റ് ആയിരുന്നു. അര മണിക്കൂർ താക്കോൽ കിട്ടാതെ വിഷമിച്ചു. പിന്നീട് താക്കോലുള്ളയാളെ  കണ്ടുപിടിച്ചു കൊണ്ടുവന്നു തുറന്നപ്പോൾ വെള്ളത്തിനു ശേഷിയില്ല. 

ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ഹൈഡ്രന്റാണ് ഉപയോഗമില്ലാതെ പോയത്. പിന്നീട് ആര്യശാല ക്ഷേത്രക്കുളത്തിൽ നിന്ന് അഗ്നിശമന സേന വെള്ളം പമ്പ് ചെയ്യുകയായിരുന്നു. 2016 ൽ ചാലയിൽ വസ്ത്രശാലയിൽ ഉണ്ടായ വൻ തീപിടുത്തത്തെത്തുടർന്നാണ് ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചത്. പദ്ധതിയാകെ പാളിയെന്നാണ് ഇന്നലെ തെളിഞ്ഞത്. ചെങ്കൽച്ചൂളയ്ക്കു പുറമേ ചാക്ക, വിഴിഞ്ഞം, നെയ്യാറ്റിൻകര, കഴക്കൂട്ടം എന്നിവിടങ്ങളിൽ നിന്നുള്ള 11 അഗ്നിശമന സേന യൂണിറ്റുകൾ ഇന്നലെ ആര്യശാലയിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com