ADVERTISEMENT

തിരുവനന്തപുരം ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻഐആർഎഫ്) റാങ്കിങ് അനുസരിച്ചു കേരളത്തിലെ സർവകലാശാലകളിൽ കേരള സർവകലാശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളയുടെ ദേശീയ റാങ്കിങ് കഴിഞ്ഞ വർഷത്തെ 40ൽ നിന്ന്  24 ആയി ഉയർന്നു. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് എൻഐആർഎഫ് റാങ്കിങ്ങിൽ 83 സ്കോർ നേടി ഒന്നാമതായി എത്തിയത്. രണ്ടാമതായി ജെഎൻയു (സ്കോർ 68). കേരള സർവകലാശാലയുടെ സ്കോർ 55.5 ആണ്.സർക്കാരിന്റെ ധനസഹായം സ്വീകരിച്ചു പ്രവർത്തിക്കുന്ന സർവകലാശാലകളിൽ പന്ത്രണ്ടാം സ്ഥാനത്തും  ദക്ഷിണേന്ത്യയിൽ പത്താം സ്ഥാനത്തും ആണു  കേരള.   

സ്ത്രീ സൗഹാർദപരമായ സമീപനങ്ങളിലും ലിംഗ വൈവിധ്യം പരിരക്ഷിക്കുന്ന കാര്യത്തിലും ഭിന്നശേഷി സൗഹാർദതയിലും  നൂറിൽ നൂറു മാർക്കാണു കേരളയ്ക്കു ലഭിച്ചത്.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  മികച്ച അംഗീകാരമാണ് എൻഐആർഎഫ് നൽകിയത്. ഏറ്റവും കൂടുതൽ പിഎച്ച്ഡി ബിരുദങ്ങൾ നൽകിയ സർവകലാശാലയും കേരളയാണ്.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവർത്തന മികവു പരിശോധിക്കുന്നതിനു കേന്ദ്ര മാനവ ശേഷി മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനം ആണ് എൻഐആർഎഫ്.

ദേശീയ അംഗീകാരവുമായി യൂണിവേഴ്സിറ്റി കോളജ്; എൻഐആർഎഫ് റാങ്ക് പട്ടികയിൽ 26 –ാമത്

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിന് ദേശീയ അംഗീകാരം. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻഐആർഎഫ്) റാങ്ക് പട്ടികയിൽ 26 -ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളജിന് ലഭിച്ചത്.തുടർച്ചയായി അറാം തവണയാണ്‌ കോളജ്, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

ഈ വർഷം നാക് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് തയാറെടുക്കുന്ന കോളജിന് ഇത് വലിയ പ്രചോദനമാണന്ന് പ്രിൻസിപ്പൽ ഡോ. സുഭാഷ് അറിയിച്ചു.വിദ്യാർഥികളുടെ നേട്ടങ്ങൾ അധ്യാപക നിലവാരം ഗവേഷണ മികവ് തുടങ്ങിയവ മികച്ച റാങ്കിന് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നാൽ‍പ്പതിലധികം റാങ്കുകളാണ് വിവിധ വിഷയങ്ങളിൽ കോളജിലെ കുട്ടികൾ നേടുന്നത്. 18 ബിരുദം, 21 ബിരുദാനന്തര ബിരുദം 18 ഗവേഷണ കേന്ദ്രങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു.

കോളജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ആണ് ഇതിനാവശ്യമായ രേഖകൾ ശേഖരിച്ച് എൻഐആർഎഫിന്  സമർപ്പിക്കുന്നത്. ഡോ. മനോമോഹൻ ആന്റണി കൺവീനറായ കമ്മിറ്റിയിൽ ഡോ.ഷൈൻലാൽ, ഡോ. രാജേഷ്, ഡോ. ജിജോയ്   എന്നീ അംഗങ്ങളും ഇതിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com