ADVERTISEMENT

തിരുവനന്തപുരം∙ പൊതുവിപണിയിൽ കോഴിയിറച്ചി‍ വില കൂടുന്ന‍തിനൊപ്പം സംസ്ഥാന പോൾട്രി വികസന കോർപറേഷൻ(കെ‍പ്കോ)ഇറച്ചിക്ക് വില കുത്തനെ കൂട്ടി.  സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി വില വർധിപ്പിച്ച കെപ്‍കോ അധികൃതരുടെ തീരുമാനം വിവാദമായതോടെ ഇന്നലെ വൈകിട്ടോടെ വില വർധന മരവിപ്പിച്ചു.  വകുപ്പു മന്ത്രി പോലും അറിയാതെയാണ് വില കൂട്ടിയതെന്നാണ് അറിയുന്നത്. 

സംഭവത്തിൽ കെപ്കോ അധികൃതരോട് വിശദീകരണം തേടി. പുതുക്കിയ വില വർധന തൽക്കാലത്തേക്ക് മരവിപ്പിച്ച‍തായും പഴയ നിരക്കിൽ തന്നെ വിൽ‍പന തുടരണമെന്നും ഏജൻസികൾക്ക് കെപ്കോ നിർദേശം നൽകി.  ചൊവ്വാഴ്ച കെപ്കോ ആസ്ഥാനത്ത് ലോഡ് എടുക്കാൻ എത്തിയവർക്കാണ് പുതുക്കിയ വില വർധനയുടെ പകർപ്പുകൾ കൈമാറിയത്. ഇന്നലെ മുതൽ വില വർധന നടപ്പാക്കാനായിരുന്നു നിർദേശം. ഇതു പ്രകാരം കെപ്കോയുടെ ഔട്ട്‍ലെറ്റുകളിൽ ഇന്നലെ രാവിലെ മുതൽ പുതുക്കിയ വിലയാണ് ഈടാക്കിയത്.

മുന്നറിയിപ്പില്ലാതെ വില കൂട്ടിയതും ജനങ്ങളെ വലച്ചു. പൊതുമേഖല സ്ഥാപനമായ കെപ്‍കോയുടെ വിൽ‍പനശാലകളിലൂടെ വിതരണം ചെയ്യുന്ന വിവിധ ഇനം ഇറച്ചിക്ക് 3 മുതൽ 26 രൂപ വരെയാണ് വില കൂട്ടിയത്. ഫ്രഷ് ചിക്കൻ കിലോയ്ക്ക് 220 രൂപയിൽ നിന്നും 230 രൂപയാക്കി. 231 രൂപയായിരുന്ന ഫ്രോസൺ ചിക്കൻ 241.50 രൂപയുമാക്കിയാണ് വർധിപ്പിച്ചത്.  വില കൂട്ടാനി‍ടയായ  സാഹചര്യത്തെക്കുറിച്ച് കെ‍പ്കോ അധികൃതർ ഇന്നലെ പ്രതികരിച്ചതുമില്ല. അതിനിടെ, പൊതുവിപണിയിൽ ഇറച്ചി‍ക്കോഴിയുടെയും കോഴിയി‍റച്ചിയുടെയും വില കുതിക്കുകയാണ്.  കടകളിൽ കിലോയ്ക്ക് 140 മുതൽ 165 രൂപ വരെയാണ് നിലവിലെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com