ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകൾ കൂടി തുറന്നതോടെ തിരക്കിൽ വീർപ്പുമുട്ടിയ നഗരത്തിൽ വാഹനയാത്രക്കാർക്കു ദുരിതമായി പാർക്കിങ് കടമ്പ. പാർക്കിങ്ങിന്  സ്ഥലമില്ലാത്തതുകൊണ്ടു  മാത്രം കാറിനു പകരം ഇരുചക്രവാഹനത്തിൽ എത്തുന്നവരുടെ എണ്ണവും പെരുകി. കോർപറേഷനും സ്വകാര്യ വ്യക്തികളും നടത്തുന്ന പേ ആൻഡ് പാർക്കിങ് സംവിധാനങ്ങളും മാതൃക റോഡുകളിലെ പേ ആൻഡ് പാർക്കിങ്ങും നഗരത്തിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ മതിയാകുന്നില്ല.  പ്രവൃത്തിദിനങ്ങളിൽ അറുപതിനായിരത്തിലേറെ  വാഹനങ്ങളാണ് നഗരത്തിൽ വന്നു പോകുന്നത്. റോഡിന്റെ  ഇരുവശങ്ങളിലും പാർക്ക് ചെയ്തിട്ടും വാഹന ബാഹുല്യം നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്. നഗരത്തിലെ പാർക്കിങ് ഒരു കീറാമുട്ടിയാണെന്നു ട്രാഫിക് പൊലീസും സമ്മതിക്കുന്നു. 

thiruvananthapuram-parking
മ്യൂസിയം– നന്ദാവനം റോഡിലെ കാർ പാർക്കിങ്. ചിത്രം: മനോരമ

വാഹനം ഇടാൻ സ്ഥലം തേടി അലയുന്നവർ  ഫുട്പാത്തിലും ഇടറോഡുകളിലും  പാർക്ക് ചെയ്യുകയാണ്. ‘നോ പാർക്കിങ്’ ഏരിയകളിൽ വാഹനം ഇടുന്നവർക്ക് പൊലീസിന്റെ പിഴയും ലഭിക്കുന്നുണ്ട്. സ്റ്റാച്യു വൈഎംസിഎ റോഡ്, പ്രസ്ക്ലബ് റോഡ് , വഴുതക്കാട് ബേക്കറി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് ഒഴിവാക്കാൻ പൊലീസ് റിബൺ കെട്ടി . വാഹന പാർക്കിങ് ഗതാഗതക്കുരുക്കിനു കാരണമാകുന്നുവെന്നു പറഞ്ഞായിരുന്നു പൊലീസ് നടപടി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ റിബൺ ആരോ പൊട്ടിച്ചുകളഞ്ഞു. വേറെ നിവൃത്തിയില്ലാത്തതിനാൽ അവിടങ്ങളിലും ഇപ്പോൾ  വാഹനം പാർക്ക് ചെയ്യുകയാണ്. 

thiruvananthapuram-no-park
നന്ദാവനം പൊലീസ് ക്യാംപിന് എതിർവശം നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.

സ്റ്റാച്യു– പാളയം റോഡ്, നന്ദാവനം  മ്യൂസിയം റോഡ്, വെള്ളയമ്പലം–വഴുതക്കാട് റോഡ്, എംജി റോഡ് , തമ്പാനൂർ തുടങ്ങി   റോഡുകളിൽ ‘നോ പാർക്കിങ്’ കേന്ദ്രങ്ങളിൽ മുഴുവൻ മറ്റു മാർഗമില്ലാതെ ജനങ്ങൾ വാഹനം പാർക്ക് ചെയ്യുന്നു. പാർക്ക് ചെയ്യാൻ ഇടമില്ലാതെ നിവൃത്തി കെട്ട് ജനം വാഹനം കൊണ്ടു ഇടുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുൻവശത്തെ പാർക്കിങ് കേന്ദ്രം, പാളയം  കണ്ണിമാറ മാർക്കറ്റിന് മുൻവശം, പവർഹൗസ് റോഡിന് എതിർവശം, കിഴക്കേകോട്ട ഗാന്ധിപാർക്ക്   എന്നിവയാണ് കോർപറേഷന്റെ പാർക്കിങ് കേന്ദ്രങ്ങൾ. കെഎസ്ആർടിസി ബസ് ടെർമിനലിൽ പേ ആൻഡ് പാർക്ക് സംവിധാനവുമുണ്ട്. എംജി റോഡിൽ അഞ്ചിടങ്ങളിലായി സ്വകാര്യ വ്യക്തികൾ നടത്തുന്ന പേ ആൻഡ് പാർക്കിങ് ഉണ്ട്.

ട്രാഫിക് പൊലീസ് പറയുന്നു

പ്രവൃത്തി ദിനങ്ങളിൽ ക്രമാതീതമായ രീതിയിലാണ് നഗരത്തിലേക്ക് വാഹനങ്ങൾ വരുന്നത്. ജീവനക്കാർ മാത്രമല്ല, കൂലിപ്പണിക്കാർ ഉൾപ്പെടെ നഗരത്തിലേക്ക് വരുന്നുണ്ട്. ആ ദിവസങ്ങളിൽ വാഹന പാർക്കിങ് ബുദ്ധിമുട്ടേറിയതാകും.   ഗതാഗതക്കുരുക്കും രൂക്ഷമാണ്.  ഞായറാഴ്ച ഇത്രയധികം തിരക്കും പാർക്കിങ് പ്രശ്നങ്ങളും നഗരത്തിൽ ഉണ്ടാകാറില്ല. നഗരത്തിൽ ഉള്ളവർ മാത്രമാണ് അന്നേ ദിവസം റോഡിലേക്ക് ഇറങ്ങുന്നത്. അതിനാലാണ് തിരക്ക് കുറയുന്നത്.      

ഇന്നലെ കണ്ടത്

സമയം രാവിലെ 9.00

പഴവങ്ങാടിയിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഭാര്യയുമായി എത്തിയ വയോധികൻ. പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വട്ടം ചുറ്റി. അവസാനം തകരപ്പറമ്പ് പാലത്തിന് താഴെ വാഹനം പാർക്ക് ചെയ്തു. ഇതിനിടയിൽ മൂന്നു തവണ റോഡ് ചുറ്റി.

സമയം 12 

സെക്രട്ടേറിയറ്റിൽ കയറാൻ എത്തിയ ആൾ കാറുമായി  സ്റ്റാച്യു വൈഎംസിഎ റോഡിൽ കിടന്നു കറങ്ങിയത് അരമണിക്കൂറോളം. അവസാനം പുളിമൂട് ഉപ്പിടാംമൂട് റോഡിൽ കാർ ഇട്ടു. ഇതോടെ  ഈ ഭാഗത്ത് മുഴുവൻ ഗതാഗതക്കുരുക്കായി. ഇതു കണ്ടു സമീപത്ത് ഉണ്ടായിരുന്ന പൊലീസുകാരൻ ഓടി എത്തി. വാഹനം എടുത്തു മാറ്റണമെന്നായി. കാർ ഉടമ തന്റെ ദയനീയ അവസ്ഥ പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. റിക്കവറി വാഹനം ഉപയോഗിച്ച് എടുത്ത് നീക്കുമെന്ന സ്ഥിതി വന്നതോടെ അവിടെ നിന്നു കാറുമായി മറ്റൊരിടം തേടി പോയി.

സമയം 4.30 

വഴുതക്കാട് അർബുദ രോഗിയായ  അച്ഛന് മരുന്നു വാങ്ങാൻ എത്തിയ മകൻ പാർക്കിങ്ങിനായി അലഞ്ഞത് അരമണിക്കൂറിലധികം. കോട്ടൺഹിൽ , വെള്ളയമ്പലം, പൂജപ്പുര ഭാഗത്തേക്കും വാഹനവുമായി കറങ്ങി നടന്നിട്ടും അദ്ദേഹത്തിന് പാർക്ക് ചെയ്യാൻ ഇരിടം കിട്ടിയില്ല. അവസാനം കലാഭവനു സമീപം വാഹനം നിർത്തിയിടാൻ ശ്രമിച്ചു. സെക്യൂരിറ്റി തടഞ്ഞതോടെ എതിർവശത്ത് വാഹനം  ഇട്ട് മെഡിക്കൽ സ്റ്റോറിലേക്ക് പോയി. 

മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പാർക്കിങ്ങിന് നിവൃത്തിയില്ല

മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹനവുമായി എത്തുന്നവർ പത്മവ്യൂഹത്തിൽപ്പെട്ട അവസ്ഥയിലാകും. ഒരിടത്തും വാഹനം പാർക്ക് ചെയ്യാൻ സാധിക്കാത്ത സ്ഥിതി. മണിക്കൂറുകൾ വട്ടം കറങ്ങി ഒരിടം കണ്ടെത്തിയാൽ സെക്യൂരിറ്റിക്കാർ ആട്ടി പായിക്കുന്ന അവസ്ഥയിലാണ്. നിലവിൽ പുതുതായി തുറന്ന മേൽപാലത്തിൽ ഉൾപ്പെടെ വാഹനം പാർക്ക് ചെയ്യുകയാണ്.

മറ്റു പേ ആൻഡ് പാർക്ക് സ്ഥലങ്ങൾ 

വെള്ളയമ്പലം ശാസ്തമംഗലം മാതൃക റോഡ്എംജി റോഡിൽ പുളിമൂട് മുതൽ ആയുർവേദ കോളജ് വരെ പിഎംജി മുതൽ പ്ലാമൂട് വരെ  ബേക്കറി ജംക്‌ഷൻ മേൽപ്പാലത്തിന് അടിയിൽ തകരപ്പറമ്പ് മേൽപാലത്തിനു കീഴിൽ പാളയം യൂണിവേഴ്സിറ്റി കോളജിന് സമീപം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com