ADVERTISEMENT

തമിഴ്നാട് ട്രാൻ. ബസ് പാഞ്ഞുകയറി; ജീപ്പ് തകർന്നു 

പാറശാല ∙ നിയന്ത്രണം വിട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് പാഞ്ഞുകയറി ജീപ്പ് തകർന്നു. ദേശീയപാതയിൽ കുറുങ്കുട്ടിക്കു സമീപം ഇന്നലെ വൈകിട്ട് 5.15 ന് ആണ് അപകടം. എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ട് എത്തിയ ബൈക്ക് യാത്രികനെ രക്ഷിക്കാൻ തിരിക്കുന്നതിനു ഇടയിൽ റോഡ് വശത്ത് നിർത്തിയിരുന്ന കെഎസ്ഇബിക്കു വേണ്ടി ഒ‍ാടുന്ന കരാർ വാഹനത്തിലേക്ക് ബസ് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് ഉരുണ്ട വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് പോസ്റ്റ് ഒടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ജീപ്പിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു 

നേമം ∙ കരമന–കളിയിക്കാവിള ദേശീയപാതയിൽ പാപ്പനംകോട് തുലവിളയ്ക്ക് സമീപം കാൽനടയാത്രക്കാരനായ പാപ്പനംകോട് തൂക്കുവിള അക്കരവിള വീട്ടിൽ സദാശിവ പണിക്കർ(88) ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാവിലെയാണ് അപകടം.  ചെണ്ടമേള കലാകാരനായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:പരേതയായ തങ്കം.

അപകടം ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

ആറ്റിങ്ങൽ ∙ ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിൽ മേയ് 23 ന് രാത്രി നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 10 വയസ്സുകാരൻ മരിച്ചു. ആലംകോട് ഹസീന മൻസിലിൽ ഷെഫീഖ് – നസ്ന ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (10) ആണ് മരിച്ചത് . മേയ് 18 ന് വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവ് ഷെഫീഖിനൊപ്പം ആറ്റിങ്ങൽ ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുമ്പോൾ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.  ഷെഫീഖും , ആഹിൽ മുഹമ്മദും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഷെഫീഖ് ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയിരുന്നു.  ആഹിൽ മുഹമ്മദ് ചൊവ്വാഴ്ച രാത്രി  മരിച്ചു. ആലംകോട് ലൗഡെയ്ൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് . സഹോദരി– സെഹ്റ ഫാത്തിമ

സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം: ആശുപത്രിയിലേക്ക് പോയ വീട്ടമ്മ മരിച്ചു 

വെഞ്ഞാറമൂട് ∙ ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സിക്കാനായി ആശുപത്രിയിലേക്ക് ഭർത്താവിനൊപ്പം പോയ വീട്ടമ്മ സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഭർത്താവിനു ഗുരുതര പരുക്കേറ്റു. കിളിമാനൂർ പോങ്ങനാട് മഞ്ചേഷ് ഭവനിൽ ഉഷ(64) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് വിമുക്തഭടൻ മോഹനൻ(69)നെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാവിലെ 6ന് എംസി റോഡിൽ കീഴായിക്കോണം ശാലിനി ഭവൻ സ്കൂളിനു സമീപത്താണ് അപകടം. പോങ്ങനാട്ടു നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു ദമ്പതികൾ.

അതേ ദിശയിൽ പിന്നാലെ വന്ന ലോറി സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് ഇരുവരും തെറിച്ചു റോഡിലേക്ക് വീണു. തലയടിച്ചു വീണ ഉഷ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മോഹനനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടി, താടിയെല്ല് എന്നിവയ്ക്ക് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഉഷയുടെ സംസ്കാരം ഇന്നു രാവിലെ 11ന് നടക്കും. മക്കൾ: മഞ്ചേഷ്, മനേഷ്. മരുമക്കൾ: രുഗ്‌മ, അർച്ചന.

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു 

കഠിനംകുളം∙ തീരദേശ റോഡിൽ പുതുക്കുറിച്ചിക്കു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. 2 പേർക്ക് പരുക്ക്. പുതുക്കുറിച്ചി തെരുവിൽ തൈവിളാകം ജിയ ഹൗസിൽ എബി സൈമൺ (47) ആണ് മരിച്ചത്. മൃതദേഹം ഇന്ന് മര്യനാട് പരലോക മാതാ ദേവാലയത്തിൽ സംസ്കരിക്കും. ഓട്ടോയിലുണ്ടായിരുന്ന മര്യനാട് സ്വദേശി ആന്റണി (40)യെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റൊരാൾ പ്രാഥമിക ചികിത്സ തേടി.


ഇന്നലെ രാവിലെ 11.15 നാണ് അപകടം. എബി ഓട്ടോയിൽ മര്യനാടു നിന്നു 2 പേരെ കയറ്റി മുതലപ്പൊഴി ഭാഗത്ത് പോകുമ്പോൾ മുതലപ്പൊഴി ഭാഗത്തു നിന്നും പുത്തൻതോപ്പ് ഭാഗത്തേക്കു പോയ കാറുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ എബിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിമിയാണ് എബിയുടെ ഭാര്യ. മക്കൾ: ദിയ, ജിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com