ADVERTISEMENT

തിരുവനന്തപുരം∙തലസ്ഥാനത്തെ എസ്എഫ്ഐ സംഘടനയ്ക്കും പാർട്ടിക്കും സൃഷ്ടിക്കുന്ന നാണക്കേട് കേരളം ആകെ ചർച്ച ചെയ്യുന്നതിനിടെ  സംഘടനയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നു തുടങ്ങും. പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിലാണ് ഇന്നും നാളെയുമായി പ്രതിനിധി സമ്മേളനം..

ഇന്നു രാവിലെ 10ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ഏരിയ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 302 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ നേതാവിന്റെ ആൾമാറാട്ടം വൻ രാഷ്ട്രീയ വിവാദം ആയ പശ്ചാത്തലത്തിലാണ് സമ്മേളനം ചേരുന്നത്.

എസ്എഫ്ഐ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ.വിശാഖിനെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പദവിയിലേക്കു കൊണ്ടുവരാൻ വേണ്ടിയാണ് വ്യാജമായി അയാളെ കൗൺസിലർ ആക്കാൻ നോക്കിയത്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ നിശ്ചയിക്കുന്നത് എസ്എഫ്ഐ ജില്ലാ നേതൃത്വം ആണെന്നിരിക്കെ വിശാഖ് കാട്ടിയ കൃത്രിമം നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അനുവാദത്തോടെ ആണെന്ന ആക്ഷേപം ശക്തമാണ്.

ലഹരി ഉപയോഗത്തിന്റെയും രാത്രി നൃത്തത്തിന്റെ പേരിൽ എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും പുറത്താക്കിയതും സമീപകാലത്താണ്.സംസ്കൃത  കോളജ് പരിസരത്ത് രാത്രി മദ്യപിച്ച് നൃത്തം ചവിട്ടി വിവാദത്തിലായ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ്, സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവരുൾപ്പെടെ നാലു പേരെയാണ്  എസ്എഫ്ഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. 

നേതാക്കളുടെ നൃത്തം പകർത്തി നേതൃത്വത്തിനു പരാതി നൽകിയ മുൻ പാളയം ഏരിയ സെക്രട്ടറി നന്ദുവും, ഏരിയ കമ്മിറ്റി അംഗം നസീം എന്നിവരും അംഗത്വത്തിൽ നിന്ന് പുറത്തായി. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വേറെയും ആക്ഷേപങ്ങൾ ഉണ്ടായി. ഈ നാണക്കേടിൽ നിന്ന് എങ്ങനെ കരകയറാമെന്ന ചർച്ച സ്വാഭാവികമായും ജില്ലാ സമ്മേളനത്തിൽ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com